| Friday, 26th May 2023, 9:54 am

അപ്പം എന്ന് പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും, കോമഡി രംഗത്തേക്ക് രാഷ്ട്രീയ നേതാക്കളും, ഭയങ്കര മത്സരമാണിപ്പോള്‍; രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനുമടക്കമുള്ള നേതാക്കള്‍ക്കുമെതിരെ പരിഹാസവുമായി നടന്‍ രമേഷ് പിഷാരടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന വേദിയിലാണ് രമേഷ് പിഷാരടി ഇടതുപക്ഷത്തിനെതിരെ പരിഹാസ രൂപേണയുള്ള പ്രസംഗം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും രാഹുല്‍ മാങ്കൂട്ടത്തിലുമടക്കമുള്ള നേതാക്കള്‍ ‘മാര്‍ക്‌സ് തൊട്ട് ഗോവിന്ദന്‍ മാഷെ വരെ ഇന്‍ഡിഗോ വിമാനത്തിലേറ്റി പറത്തി വിട്ടിട്ടുണ്ട് രമേശ് പിഷാരടി,’ എന്ന ക്യാപ്ഷനോടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ഞാന്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ കയ്യടിച്ചതിന് നന്ദി. ഈ കയ്യടി ജനുവിനാണ്. ഇങ്ങനെ ഒരു പരിപാടി നടക്കുമെന്ന് അറിഞ്ഞ് ബസിലും കാറിലുമൊക്കെ സ്വന്തം ചെലവില്‍ വന്നവരാണ് നിങ്ങള്‍. അല്ലാതെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്ന ആള്‍ക്കാരല്ല എന്ന് ഉത്തമബോധ്യമുണ്ട്. കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല. നിങ്ങള്‍ കയ്യടിച്ചില്ല, അതുകൊണ്ട് നിങ്ങള്‍ക്ക് നാളെ പണി തരണോ വേണ്ടയോ എന്ന് ആലോചിക്കട്ടെ എന്ന് പറയുന്ന ഒരാളും ഈ വേദിയില്‍ ഇല്ല. സിനിമാ മേഖലയില്‍ നിന്നും ഞാനും കമലഹാസനും മാത്രമേ സധൈര്യം ജോഡോ യാത്രയിലേക്ക് ഇറങ്ങി വന്ന് നടന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് പേടിയുണ്ടാവും.

തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ ഒരു കൂട്ടുകാരന്‍ എന്നോട് എന്തിനാണ് ഓടിച്ചെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ചോദിച്ചു. ചേര്‍ന്നതല്ല, കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ കെ.എസ്.യുവിന് വേണ്ടി പരിപാടികളില്‍ പോയിട്ടുണ്ട് എന്ന് അവനോട് പറഞ്ഞു.

നിങ്ങളുടെ പാര്‍ട്ടിയുടെ ആശയം എന്താണെന്ന് അവന്‍ എന്നോട് ചോദിച്ചു. ജനാധിപത്യ മൂല്യങ്ങളും ഭരണ ഘടനയുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയം, അല്ലാതെ 150 വര്‍ഷം മുമ്പ് ഇന്നത്തെ ലോകത്തെ പറ്റി ചിന്തിക്കാന്‍ പോലും പറ്റാത്ത കാലത്ത് ഒരാള്‍ എഴുതിയ ഒരൊറ്റ ബുക്കും കെട്ടിപ്പിടിച്ചുകൊണ്ടിരുന്ന് അതുപോലെ നാളെയാവും മറ്റന്നാളാവും എന്ന് പറഞ്ഞ് ഇരിക്കാന്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു.

നിങ്ങളുടേത് കേഡര്‍ പാര്‍ട്ടിയല്ലല്ലോ എന്ന് അവന്‍ പറഞ്ഞു. എന്താണ് കേഡര്‍ എന്ന് ചോദിച്ചപ്പോള്‍ മുകളില്‍ നിന്ന് പറയും നമ്മള്‍ അനുസരിക്കണം, തിരിച്ച് വെല്ലതും പറയാന്‍ പറ്റുമോ, അതില്ല, ഏതെങ്കിലും നേതാവ് രാവിലെ എഴുന്നേറ്റ് ഇത് രാത്രി ആണെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കണം. അതാണ് കേഡര്‍ സിസ്റ്റം. ഇത് രാത്രിയാണല്ലോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ വര്‍ഗ ശത്രുവായി പ്രഖ്യാപിക്കുമെന്ന് അവന്‍ പറഞ്ഞു. നീ പറഞ്ഞത് വലിയ പ്രശ്‌നമാണ്, കോണ്‍ഗ്രസിന് അണികളുണ്ട്, അംഗങ്ങളുണ്ട്, പക്ഷേ അടിമകളില്ലെന്ന് ഞാന്‍ പറഞ്ഞു. അടിമത്തത്തിനെതിരെ ഏറ്റവും കൂടുതല്‍ പോരാടിയത് ഞങ്ങളുടെ പാര്‍ട്ടിയാണെന്ന് അവന്‍. ഞാനൊന്നും പറഞ്ഞില്ല. ഈ ലോകത്തിന്റെ ഏത് കോണില്‍ എന്ത് നല്ല കാര്യം നടന്നാലും അത് നമ്മളുണ്ടാക്കിയതാണ് എന്ന് പറയുന്ന പരിപാടി പണ്ടുതൊട്ടേ ഇവരുടെ കയ്യിലുണ്ട്.

ഇതിന്റെ പിറകേ നടക്കണോ, നിനക്ക് വല്ല സിനിമയിലോ സ്‌റ്റേജില്‍ കോമഡി പറഞ്ഞോ നടക്കാന്‍ മേലേ എന്ന് അവന്‍ ചോദിച്ചു. ഇപ്പോള്‍ ഏതെങ്കിലും സ്‌റ്റേജില്‍ കയറി നിന്ന് തമാശ പറയാന്‍ പാടാണ്, കാരണം നമ്മുടെ എതിരെ മത്സരത്തിന് നില്‍ക്കുന്നത് വലിയ നേതാക്കളാണ്. ഉദാഹരണത്തിന് ഒരു സ്റ്റേജില്‍ കയറി തമാശ പറയാന്‍ തുടങ്ങി, അപ്പോള്‍ ആകാശത്ത് കൂടെ ഒരു വിമാനം പറന്നുപോയി. വിമാനം കണ്ട് ആളുകള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. നോക്കുമ്പോള്‍ അതില്‍ ഇന്‍ഡിഗോ എന്ന് എഴുതി വെച്ചിട്ടുണ്ട്. ആളുകള്‍ ഇതുകണ്ട് പൊട്ടിപൊട്ടിച്ചിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ കൈ കൊണ്ട് അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആക്ഷന്‍ കാണിച്ചു സമാധാനപ്പെടുത്തി. നിങ്ങള്‍ എന്റെ മിമിക്രി കേള്‍ക്കണം, ഞാന്‍ ട്രെയ്‌നിന്റെ ശബ്ദം അനുകരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. ട്രെയ്ന്‍ എന്ന് കേട്ടപ്പോള്‍ ഇവര്‍ പിന്നേയും ചിരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ചിരിക്കണ്ട, ഞാന്‍ ഒരു തമാശ പറയും, അപ്പം ചിരിച്ചാല്‍ മതിയെന്ന് പറഞ്ഞു. അപ്പം എന്ന് കേട്ടപ്പോള്‍ ഇവര്‍ പിന്നേയും ചിരിക്കാന്‍ തുടങ്ങി.

നിങ്ങള്‍ക്ക് ഭയങ്കര ഗ്രൂപ്പിന്റെ പ്രശ്‌നമുണ്ട്, എ ഗ്രൂപ്പുണ്ട്, ഐ ഗ്രൂപ്പുണ്ട്, ഇവര്‍ തമ്മില്‍ ഭയങ്കര പ്രശ്‌നങ്ങളാണെന്ന് എന്റെ കൂട്ടുകാരന്‍ പറഞ്ഞു. കുഴപ്പമില്ല, ഒരു എയും ഐയ്യും കൂട്ടിച്ചേര്‍ത്ത് ഒരു ക്യാമറ വെച്ചപ്പോഴുണ്ടായ പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ലെന്ന് ഞാന്‍ പറഞ്ഞു.

ഇത്രയൊക്കെ നീ പറയുന്നുണ്ടെങ്കില്‍ ഇനി നീ നോട്ടപ്പുള്ളിയാണ്, ഞങ്ങളുടെ സൈബര്‍ ശക്തിയെ കുറിച്ച് നിനക്ക് അറിയില്ല, അടുത്തയാഴ്ച മുതല്‍ വലിയ തരത്തില്‍ ട്രോളുകളും എഴുത്തുകളും വരുമെന്നായി അവന്‍. അത് ചെയ്‌തോ, പണ്ട് കമ്പ്യൂട്ടറിനെതിരെ ചെയ്ത സമരം വിജയിക്കാത്തതുകൊണ്ട് ഇപ്പോള്‍ സൈബര്‍ എന്ന സ്ഥലം എങ്കിലും ഉണ്ട്. ആ സമരമെങ്ങാനും വിജയിച്ചിരുന്നെങ്കില്‍ സൈബര്‍ സ്‌പേസുമില്ല, പക്ഷേ ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള ദേഷ്യം പോയിട്ടില്ല. നിയമസഭയിലിരിക്കുന്ന കമ്പ്യൂട്ടര്‍ വരെ കണ്ടാല്‍ അപ്പോള്‍ തന്നെ എടുത്ത് എറിഞ്ഞുകളയും.

ഈ സമയത്താണ് കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കേണ്ടത് എന്ന ബോധ്യമുള്ളത് കൊണ്ടാണ് ഇറങ്ങി വന്നത്. ഒരു മലയാളി എന്ന നിലയില്‍ ആത്മാര്‍ത്ഥമായി ചിന്തിച്ച് നോക്ക്, ഭൂരിപക്ഷം ആക്രമിക്കുന്നേ എന്ന് ന്യൂനപക്ഷം പറയുന്നു, ഭൂരിപക്ഷത്തിനുള്ളത് ന്യൂനപക്ഷത്തിന് കൊടുക്കുന്നേ എന്ന് ചിലര്‍, എന്ത് നടന്നാലും ജാതി, മതം, വര്‍ഗം, വ്യത്യാസം, പ്രാദേശിക വാദം, ഇങ്ങനെ മനുഷ്യന്‍ മനുഷ്യനോട് അകലുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് പിന്നിലേക്ക് പോകുന്നത് കൊണ്ട് മാത്രമാണ്. തിരിച്ചുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്,’ രമേഷ് പിഷാരടി പറഞ്ഞു.

Content Highlight: ramesh pisharody’s speech in youth congress state conference

We use cookies to give you the best possible experience. Learn more