തൂങ്ങി ചാകുന്ന സീന്‍ മാത്രമല്ല, പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ല; രമേഷ് പിഷാരടിയുടെ പുതിയ ചിത്രത്തെ കുറിച്ച് മകള്‍
നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2009ലെ ‘കപ്പല് മുതലാളി’ എന്ന ചിത്രത്തിന് ശേഷം പിഷാരടി നായകനായ ചിത്രം കൂടിയാണ് നോ വേ ഔട്ട്.
പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും, സിനിമ കണ്ട പിഷാരടിയുടെ മൂത്ത മകള്‍ക്ക് സിനിമയെ കുറിച്ച് മോശം അഭിപ്രായമാണ് പറയാനുള്ളത്. എന്നാല്‍ അത് അച്ഛനോടുള്ള സ്നേഹം കൊണ്ടാണെന്നും പിഷാരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സിനിമയെ പറ്റിയുള്ള അഭിപ്രായം ചോദിച്ച മാധ്യമങ്ങളോടായിരുന്നു പിഷാരടിയുടെ മകള്‍ പീലിയുടെ പ്രതികരണം.
‘എനിക്ക് ഇഷ്ടപെട്ടില്ല. അച്ഛന്‍ തൂങ്ങി ചാകുന്ന പടമായതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. തൂങ്ങി ചാകുന്ന സീന്‍ മാത്രമല്ല. പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ല. ദേഷ്യം വരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛന്‍ ചെയ്യുന്നത്. ഇത് മാത്രമല്ലേയുള്ളു. അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ. രക്ഷപ്പെട്ട സീന്‍ ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ല. കോമഡി പടങ്ങള്‍ ഇഷ്ടമാണ്. ഇതില്‍ ഒരു തരി കോമഡിയില്ല. ഫുള്‍ സീരിയസാണ് പടം’ പീലി പറഞ്ഞു.
”അവള്‍ക്ക് സിനിമയും കഥാപാത്രവും ഒന്നും ഇല്ല. അച്ഛനാണ് വേദനിക്കുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയാണ് അവരെ ഭയരഹിതരാക്കുന്നത്,” മകള്‍ സിനിമയെ പറ്റി പറയുന്ന വീഡിയോ പങ്കുവെച്ച് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുണ്ടെന്ന് അറിഞ്ഞതിനാല്‍ തന്റെ അമ്മയും സിനിമ കാണാന്‍ വന്നില്ലെന്ന് പിഷാരടി കൂട്ടിച്ചേര്‍ത്തു.
റെമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
Content Highlight: ramesh pisharody’s daughter peeli says she didin’t like new movie no way out