തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയ്‌ക്കെതിരെ നിരവധി ട്രോളുകളാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്നും ഉയര്‍ന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് പിഷരാടി പ്രചാരണത്തിനിറങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റുപോയെന്നും അതുകൊണ്ട് പിഷാരടിയാണ് കോണ്‍ഗ്രസിന്റെ മാന്‍ഡ്രേക്കെന്നായിരുന്നു ഈ ട്രോളുകള്‍.
ഇപ്പോള്‍ ഈ ട്രോളുകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പിഷാരടിയല്ല, പിണറായി വിജയനാണ് യഥാര്‍ത്ഥ മാന്‍ഡ്രേക്കെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റില്‍ പറയുന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 20ല്‍ ഒരു സീറ്റ് മാത്രം നേടാനായത് പരാമര്‍ശിച്ചതുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും! സൈബര്‍ സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്. മാന്‍ഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്പോള്‍ ‘മാടംപള്ളിയിലെ യഥാര്‍ത്ഥ മാന്‍ഡ്രേക്ക്’ യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്.
സംശയമുണ്ടെങ്കില്‍ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാല്‍ മതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചരണത്തിനിറങ്ങി 20ല്‍ 19ഉം തോറ്റു, അത്ര വലിയ സ്‌ട്രൈക്ക് റേറ്റ് സാക്ഷാല്‍ മാന്‍ഡ്രേക്കിനു പോലുമില്ല,’ രാഹുല്‍ പറഞ്ഞു.
പിഷാരടി പ്രചാരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരുപാട് മണ്ഡലങ്ങള്‍ യു.ഡി.എഫ് ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കള്‍ ഈ സൈബര്‍ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്‌നം പിഷാരടി കോണ്‍ഗ്രസിനു വേണ്ടിയാണ് പ്രചരണം നടത്തിയതെന്നതാണെന്നും രാഹുല്‍ പറയുന്നു.
കലാകാരനും സാഹിത്യകാരനുമായാല്‍ അവര്‍ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കള്‍ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് രമേഷ് പിഷാരടിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്‌കാരമെന്നും രാഹുല്‍ പറഞ്ഞു.
നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകൂ സഹോ, അവര്‍ ശീലിച്ച പൈതൃക ഭാഷയില്‍ അവര്‍ സംവദിക്കട്ടെയെന്ന് രമേഷ് പിഷാരടിയോട് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress leader Rahul Mamkoottathil against Pinarayi Vijayan, calls him the real mandrake, as a reply to trolls against Ramesh Pisharody