ആലപ്പുഴ: കേരളത്തിലെ ജീവനക്കാര്‍ക്ക് പണിക്കൂലിയും പണിക്കുറവുമില്ലാത്ത അവസ്ഥയാണെന്ന പരാമര്‍ശവുമായി നടന്‍ രമേശ് പിഷാരടി. സംസ്ഥാനത്തെ തൊഴില്‍ മേഖലകളിലെ സ്ഥിതിഗതികള്‍ തൃപ്തികരമല്ലെന്നും രമേശ് പിഷാരടി പറഞ്ഞു. ആലപ്പുഴ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ പ്രചരണ റാലിയിലായിരുന്നു രമേശ് പിഷാരടിയുടെ പ്രസ്താവന.
സ്ത്രീകളുടെ അടക്കമുള്ള തൊഴിലിടങ്ങളും അതുമായി ബന്ധപ്പെട്ട പ്രാഥമിക ഘടകങ്ങളും തൃപ്തികരമായ അവസ്ഥയില്‍ അല്ലെന്ന് പ്രചരണാര്‍ത്ഥം മണ്ഡലംതല മഹിളാ ന്യായ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് പിഷാരടി പറഞ്ഞു.
സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് പണിക്കൂലിയും ഇല്ല, പണിക്കുറവും ഇല്ലെന്ന അവസ്ഥയാണ്. ലോക്‌സഭയില്‍ 100 ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് വാദിക്കുന്നതിനേക്കാള്‍ പ്രാധാന്യമുള്ളത് കാതലായ 30 ചോദ്യങ്ങള്‍ക്കാണെന്ന് താരം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വേണ്ടിയുള്ള പ്രചരണ റാലിയിലെ മുദ്രാവാക്യങ്ങള്‍ വിവാദത്തിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു റാലിയിലെ മുദ്രാവാക്യങ്ങള്‍ എന്ന് ഇടതു കേന്ദ്രങ്ങള്‍ ആരോപിച്ചു. റാലിയില്‍ പങ്കെടുത്ത സ്ത്രീകളാണ് തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നത്.
റാലിയില്‍ പങ്കെടുക്കുന്ന തങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളല്ല എന്നായിരുന്നു റാലിയില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളിലും മറ്റും പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിക്കുന്നതാണ് ഈ മുദ്രാവാക്യം എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്ന വിമര്‍ശനങ്ങള്‍.