മറ്റ് ഇന്‍ഡസ്ട്രികളിലെ നടന്മാര്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഹിറ്റ് ഡയലോഗ് പറഞ്ഞ് വൈറല്‍ ആകുന്നതിപ്പോള്‍ ഒരു സ്ഥിരം കാഴ്ചയാണ്. ഈ ഒരു ട്രെന്റിന് തുടക്കം കുറിച്ചത് താനാണെന്നു പറയുകയാണ് രമേഷ് പിഷാരടി. പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
‘കാന്താരയിലെ ഹീറോ ഇവിടെ പ്രൊമോഷന് വന്നപ്പോള്‍ ഒരു ട്രോളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ നടന്മാരെ കൊണ്ട് മമ്മൂക്കയുടെയും ലാലേട്ടന്റെയും പ്രശസ്ത ഡയലോഗ് പറയിപ്പിച്ചിരിക്കും എന്നായിരുന്നു ആ ട്രോള്‍.
പണ്ട് ഞാന്‍ ഷാരൂഖ് ഖാനെ കൊണ്ട് ഈ ഐറ്റം സ്റ്റേജില്‍ ചെയ്യിപ്പിച്ചിരുന്നു. അന്നത് പുതിയ ഐറ്റം ആണ്. അവിടുന്ന് ഒരു സ്റ്റെപ്പ് മുന്നോട്ട് പോയിട്ടില്ലെന്നാണ് എനിക്കിപ്പോഴത്തെ പരിപാടികള്‍ കാണുമ്പോള്‍ തോന്നാറുള്ളത്.
പത്ത് വര്‍ഷം മുമ്പ് ഞാനും ധര്‍മജനും കൂടി ഒരു സ്‌കിറ്റ് റെക്കോര്‍ഡ് ചെയ്തു. റെക്കോര്‍ഡിങ് കഴിഞ്ഞ ശേഷം ഞാന്‍ ആ സ്‌കിറ്റിനെ രണ്ട് ഫയല്‍ ആക്കി രണ്ട് പോക്കറ്റിലും മൈക്കിട്ട് സ്റ്റേജില്‍ കേറുന്നു. എന്നിട്ട് ഞാന്‍ ധര്‍മ്മജനോട് പറഞ്ഞു ധര്‍മജാ ഈ സ്‌കിറ്റിലെ ഈ പോയിന്റില്‍ വെച്ച് ഞാന്‍ ഷാരൂഖ് ഖാനോട് സ്റ്റേജില്‍ വരുമോന്ന് ചോദിക്കും.
ഷാരൂഖ് ഖാന്‍ കേറി വന്നാല്‍ നീ എക്സിറ്റാണ്, അവിടുന്ന് ലൈവ് പോകും. ഞാന്‍ രണ്ട് പ്രാവശ്യം ചോദിച്ചിട്ട് വന്നില്ലെങ്കില്‍ നമ്മള്‍ ചമ്മും. അങ്ങനെ വന്നാല്‍ റെക്കോര്‍ഡ് ചെയ്ത് വച്ച സ്‌കിറ്റ് തുടരണം. അതിനൊരു ക്ലൈമാക്‌സും കഥയും വേറെ ഉണ്ടാക്കി, ഫയര്‍ ഫോഴ്‌സ് നില്‍ക്കുന്ന പോലെ എല്ലാം റെഡിയാക്കി വെച്ചിട്ടാണ് അന്നത് ചെയ്തത്.
അതിനൊക്കെ ഒരു പ്രോപ്പര്‍ പ്ലാന്‍ ഉണ്ടായിരുന്നു. നിര്‍ത്തേണ്ടത് എവിടെയാണ് പറയേണ്ട സ്ഥലം എവിടെയാണ് എന്നൊക്കെയുള്ള പ്രോപ്പര്‍ പ്ലാന്‍ ഉണ്ടായിരുന്നു എനിക്ക്,’ പിഷാരടി പറഞ്ഞു.
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്റ്റാന്‍ഡ് അപ് കോമേഡിയന്‍സിലൊരാളാണ് രമേഷ് പിഷാരടി. വിരസതയുണ്ടാക്കാത്ത അവതരണ രീതിയും തമാശകളുമായെത്തുന്ന രമേഷ് പിഷാരടിയുടെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും ആരാധകരേറെയാണ്. സിനിമയിലും നടനും സംവിധായകനുമായും പിഷാരടി എത്തിയിരുന്നു. ഡിസംബര്‍ മുപ്പതിന് റിലീസായ മാളികപ്പുറമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
Content Highlight: Ramesh Pisharody about Sharukh Khan saying Mammootty and Mohanlal’s dialogues at stage show