| Friday, 6th January 2023, 3:41 pm

പൊളിറ്റിക്കലി കറക്ടാവാന്‍ വലിയ ബുദ്ധിമുട്ടില്ല; യഥാര്‍ത്ഥ പ്രശ്‌നം പക്ഷേ അതല്ല: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമാണ് രമേഷ് പിഷാരടി. ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ വിജയത്തിന് പിന്നിലും പിഷാരടിയുടെ ബോറടിപ്പിക്കാത്ത തമാശകളും വ്യത്യസ്തമായ അവതരണ ശൈലിയുമായിരുന്നു.

പക്ഷെ ഇന്ന് തമാശകള്‍ പറയുമ്പോള്‍ വളരെ സൂക്ഷിക്കണമെന്നും തമാശപറയുന്നത് കുറച്ച് അപകടം പിടിച്ച കാര്യമാണെന്നുമാണ് താരം പറയുന്നത്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തോട് സംസാരിക്കുകയായിരുന്നു പിഷാരടി.

‘ഇപ്പോള്‍ തമാശ പറയുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എവിടെയും കൊള്ളാന്‍ പാടില്ല എന്നുള്ളതാണ്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് മാത്രമല്ല പ്രശ്‌നം. പൊളിറ്റിക്കലി കറക്റ്റ് ആവുക എന്ന് പറഞ്ഞാല്‍ വളരെ സിമ്പിള്‍ ആണ്. അതിപ്പോള്‍ ആളുകള്‍ പറയുന്ന പോലെ വലിയ ബുദ്ധിമുട്ടൊന്നുമല്ല.

നമ്മള്‍ ഈ സമൂഹത്തില്‍ നിന്നാണല്ലോ തമാശ പറയുന്നേ. ഞാനിപ്പോള്‍ ഒരു ബാബുവിനെയും ഗോപിയെയും പറ്റി ഒരു തമാശ പറഞ്ഞു. അത് പൊളിറ്റിക്കലി ഫുള്‍ കറക്റ്റ് ആണ്, പക്ഷെ ഈ ലോകത്ത് എവിടെയോ ഇരിക്കുന്ന ഒരു ബാബുവും ഗോപിയും ഇത് കണ്ടിട്ട് നിങ്ങളിതിനകത്ത് ബാബു എന്നുള്ള പേരുപയോഗിച്ചത് ശരിയായില്ല കാരണം ഞങ്ങളെ പോലെ ബാബുവെന്ന് പേരുള്ള ഒരുപാട് പേര്‍ക്കിത് വേദനിച്ചു. കുറെ ഗോപിമാര്‍ക്കും ഇത് വേദനിച്ചു എന്ന് പറഞ്ഞാല്‍ ശരി ആകുമോ. ലോകത്തില്ലാത്ത ഒരു പേരിട്ടാല്‍ ആ കഥ നില്‍ക്കില്ല. ആ ഒരു രീതിയിലുള്ള ഒരു പേടി ഇപ്പോഴുണ്ട്.

എല്ലാം പൊളിറ്റിക്കലി കറക്ട് ആയിരിക്കണം, ആരെയും വേദനിപ്പിക്കരുത് അങ്ങനെയൊക്കെയുണ്ട്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ ഒന്നിനെ കുറിച്ചും പറയാന്‍ പറ്റാത്ത അവസ്ഥ വരും. ഉദാഹരണത്തിന് കുമാരപുരം എന്നൊരു സ്ഥലത്ത് ഞാന്‍ ഒരു പാടത്ത് കൂടെ പോയപ്പോള്‍ മുട്ടോളം ചെളിയാണ് എന്ന് പറഞ്ഞാല്‍, ഞങ്ങളുടെ നാട്ടില്‍ മുട്ടോളം ചെളിയാണെന്ന് നിന്നോടാരാ പറഞ്ഞത്, നീ ഇവിടെ വന്ന് നോക്ക് ഇവിടിത്ര ചെളിയെ ഉള്ളൂ എന്ന് പറഞ്ഞ് ചീത്ത വിളിക്കും. ഇത്തരത്തില്‍ സെന്‍സിറ്റീവ് ആണ് കാര്യങ്ങള്‍.

അപ്പോള്‍ തമാശ പറയുമ്പോള്‍ നമ്മള്‍ അത്രയും സൂക്ഷിക്കണം. പ്രത്യേകിച്ച് നമ്മളെ കുറിച്ച് ട്രോള്‍ എല്ലാം വന്നാല്‍ ആരാണ് അത് ചെയ്തതെന്ന് പോലും നമുക്ക് അറിയാന്‍ പറ്റില്ല. വലിയ രീതിയില്‍ വൈറലായാല്‍ നമ്മുടെ കൈയില്‍ നില്‍ക്കില്ല. അതുകൊണ്ട് തന്നെ സൂക്ഷിക്കണം, രമേഷ് പിഷാരടി പറഞ്ഞു.

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായി ഈ മാസം മുപ്പതിന് തിയേറ്ററുകളില്‍ എത്തിയ മാളികപ്പുറം ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അയ്യപ്പനോടുള്ള ഒരു എട്ട് വയസ്സുകാരിയുടെ ഭക്തിയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: Ramesh Pisharody about Political Correctness on Comedy

We use cookies to give you the best possible experience. Learn more