| Tuesday, 19th April 2022, 10:35 am

കഴുത്തില്‍ കയറിട്ട് തൂങ്ങാമോ എന്ന് ചോദിച്ചു. പത്ത് സെക്കന്റിനകത്ത് രക്ഷിച്ചോളാമെന്നും പറഞ്ഞു, അങ്ങനെ തൂങ്ങി: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ നിതിന്‍ ദേവീദാസ് ഒരുക്കുന്ന സര്‍വൈവല്‍ ത്രില്ലറായ നോ വേ ഔട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ രമേഷ് പിഷാരടി.

താനല്ല മറ്റേത് നടന്‍ താന്‍ ചെയ്ത വേഷം ചെയ്തിരുന്നെങ്കിലും സംവിധായകന് നല്ല തെറി വിളി കേള്‍ക്കുമായിരുന്നെന്നാണ് പിഷാരടി പറയുന്നത്. വലിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ട ദിവസങ്ങളായിരുന്നു ലൊക്കേഷനിലേതെന്നും പിഷാരടി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു പിഷാരടി.

ആ കഥയില്‍ ഞാന്‍ ഫിറ്റാണ് എന്ന് തോന്നിയതുകൊണ്ടാണ് അഭിനയിക്കാന്‍ സമ്മതിച്ചത്. ചിലപ്പോള്‍ വേറൊരു നടനായിരുന്നു ചെയ്തിരുന്നെങ്കില്‍ പുതിയ സംവിധായകനെന്ന നിലയില്‍ നിതിനെ ചീത്ത വിളിച്ചേനെ. കാരണം 18 ദിവസം ഒരു ടേബിളിന്റെ മുകളില്‍ ഒരു ചെയര്‍ എടുത്ത് വെച്ചിട്ട് കൈ പിറകില്‍ കെട്ടി കഴുത്തില്‍ കയറുമിട്ട് നില്‍ക്കുകയാണ്.

അഞ്ചാറ് ദിവസം കഴിയുമ്പോള്‍ നമുക്ക് പ്രശ്‌നമാകും. ലൊക്കേഷനില്‍ തമാശയില്ല ഒന്നുമില്ല. ക്രൂവിന് മൊത്തം മെന്റലി പ്രശ്‌നമാകുന്നു. ഉച്ചയാകുമ്പോഴേക്കൊക്കെ ഇവര്‍ക്കൊക്കെ ഒരു ഡിപ്രഷന്‍ അവസ്ഥയിലേക്ക് പോകുന്നു. സിനിമയില്‍ അത് ഇത്തിരി നേരം മാത്രമേ ഉള്ളൂവെങ്കിലും അതൊരു വലിയ വിഷയമായിരുന്നു, രമേഷ് പിഷാരടി പറഞ്ഞു. ചിത്രത്തിലെ ഒരു നിര്‍ണായ രംഗം ഷൂട്ട് ചെയ്ത രീതിയെ കുറിച്ചും പിഷാരടി അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ ഒരു റോപ്പില്‍ തൂങ്ങി നില്‍ക്കുന്ന രംഗമാണ്. ഞാന്‍ ഈ റോപ്പില്‍ തൂങ്ങുമ്പോള്‍ എന്റെ ശരീരം ഇങ്ങനെ വളഞ്ഞുപോകുന്നുണ്ട്. മാഫിയ ശശി ചേട്ടന്‍ വന്ന് തൂക്കിയതാണ്. ചേട്ടാ ചേട്ടന്റെ ബോഡി കാണുമ്പോള്‍ ഒരു റോപ്പില്‍ തൂങ്ങുന്ന ഫീലുണ്ട്. ഒറിജിനലായിട്ട് കഴുത്തില്‍ കയറിട്ട് തൂങ്ങാമോ എന്ന് സംവിധായകന്‍ ചോദിച്ചു.

പത്ത് സെക്കന്റിനകത്ത് ഞാന്‍ രക്ഷിച്ചോളാമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ തൂങ്ങി. എനിക്കറിയാം ഒരു പ്രത്യേക ഷോട്ടിന് വേറെ ഒരു വഴിയുമില്ലെന്ന്. എങ്ങനെ അഭിനയിച്ചാലും ആ ഒറിജിനാലിറ്റി കിട്ടില്ല. പത്ത് സെക്കന്റേ ഉള്ളൂ. അടുത്ത 10 സെക്കന്റാണ് നമ്മള്‍ അനുഭവിക്കുക. അങ്ങനെ ആ സീന്‍ ചെയ്യുകയായിരുന്നു, പിഷാരടി പറഞ്ഞു.

പുതിയ തലമുറയെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുന്ന തമാശകള്‍ എങ്ങനെയാണ് കണ്ടെത്തുന്നത് എന്ന ചോദ്യത്തിന് പുതിയ തലമുറയ്ക്ക് മാധ്യമം മാറിയെന്നും 10 മുതല്‍ 15 വയസുവരെയുള്ള ഒരു കുട്ടി ഏതെങ്കിലും ഒരു മിമിക്‌സ് പരേഡ് കണ്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി.

ചിലത് ഇല്ലാതാകുന്നുണ്ട്. അതിന് പകരം വേറെ മാധ്യമങ്ങള്‍ വരുന്നുമുണ്ട്. ഇന്റര്‍നെറ്റ് വരികയും കോമഡിയുടെ ഡോസ് കൂടുകയും ചെയ്തു. ഡോസ് കൂടിയ തമാശ ഇന്റര്‍നെറ്റിലേ പറയാന്‍ പറ്റൂ. സ്റ്റേജില്‍ പറഞ്ഞാല്‍ ആള്‍ക്കാര്‍ നമ്മളെ കേറി അടിക്കും പല തമാശകള്‍ക്കും ഒരു പ്രൈവറ്റ് വാച്ച് ആവശ്യമാണ്. അതാണ് ഇപ്പോഴത്തെ പ്രധാന വിഷയം.

ചില തമാശകള്‍ വൈകാരികമായിട്ട് ആളുകള്‍ എടുക്കും. അതുകൊണ്ട് തന്നെ ആരെന്നറിയാതെ തമാശ വരണം. പറഞ്ഞത് അവനാണെന്ന് അറിഞ്ഞാല്‍ അവന് അടി വരും.

ഡെപ്തുള്ള തമാശകള്‍ ഉണ്ടാക്കും. പക്ഷേ ഉപജ്ഞാതാവ് ഉണ്ടാകില്ല. അലഞ്ഞ് തിരിഞ്ഞ് വന്നൊരു തമാശ നമുക്ക് കിട്ടും. നമ്മള്‍ ഒരുപാട് ചിരിക്കും. എന്നാല്‍ ഇത് ഞാനാണ് ഉണ്ടാക്കിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന് നല്ല ഇടിയും കിട്ടും, പിഷാരടി പറഞ്ഞു.

മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചലച്ചിത്ര വിഭാഗമാണ് സര്‍വൈവല്‍ ത്രില്ലറുകള്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയിട്ടുള്ള രമേഷ് പിഷാരടി വളരെ സീരിയസ് ആയ ഒരു കഥാപാത്രത്തിന് ജീവന്‍ പകരുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകം

റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മ്മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളില്‍ എത്തുന്നുണ്ട്.

വര്‍ഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ.ആര്‍ മിഥുന്‍ ആണ്. കെ.ആര്‍ രാഹുല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.

Content Highlight: Ramesh Pisharody about Nowayout Movie

We use cookies to give you the best possible experience. Learn more