Advertisement
Entertainment news
ഡാര്‍ക്കുളയാണ് ഇവന്‍; വെറുതെയിരിക്കുമ്പോഴും ചിന്തിക്കുന്നത് ഇങ്ങനത്തെ കാര്യങ്ങളാണ്; ലൊക്കേഷനില്‍ ചിരിയും മിണ്ടാട്ടവുമൊക്കെ കുറവായിരുന്നു: രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 23, 05:09 am
Saturday, 23rd April 2022, 10:39 am

രമേഷ് പിഷാരടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. നിതിന്‍ ദേവിദാസ് സംവിധാനം ചെയ്യുന്ന സര്‍വൈവല്‍ ഡ്രാമ ത്രില്ലറില്‍ ബേസില്‍ ജോസഫ്, രവീണ നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

രമേഷ് പിഷാരടിയും രവീണ നായരുമാണ് ചിത്രത്തില്‍ ജോഡികളായെത്തുന്നത്.

എന്നാല്‍ ട്രെയിലറില്‍ റൊമാന്റിക് സീനുകള്‍ കാണിക്കുന്നുണ്ടെങ്കിലും സിനിമയില്‍ അത് അത്രത്തോളമില്ലെന്ന് പറയുകയാണ് രമേഷ് പിഷാരടി. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”സിനിമയില്‍ റൊമാന്റിക് സീനുകളൊന്നും അധികമില്ല. അതൊക്കെ ചില ഏരിയകളില്‍ ഇങ്ങനെ വന്നുപോകുന്നു എന്നേ ഉള്ളൂ. അല്ലാതെ കാര്യമായി റൊമാന്‍സുള്ള ഒരു സിനിമയല്ല ഇത്,” രമേഷ് പറഞ്ഞു.

പിന്നീട് സംവിധായകന്‍ നിതിന്‍ ദേവിദാസിനെക്കുറിച്ചും രമേഷ് പിഷാരടി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”ഇവനൊരു ഡാര്‍ക്കിന്റെ ആളാണ്. ഒരു പ്രത്യേക പരിധിക്കപ്പുറ, സാധാരണഗതിയില്‍ കൂടുതല്‍ ഡാര്‍ക്കാണ്. ഡാര്‍ക്കുളയാണിവന്‍ ശരിക്കും.

അങ്ങനത്തെ കഥയൊക്കെയാണ് ഇവന്‍ പറയുന്നതും ആലോചിക്കുന്നതും. വെറുതെയിരിക്കുമ്പോള്‍ ചിന്തിക്കുന്നതുമൊക്കെ അങ്ങനെയുള്ള കാര്യങ്ങളാണ്,” താരം കൂട്ടിച്ചേര്‍ത്തു.

സിനിമ ഡാര്‍ക്ക് തീമിലുള്ളതായതുകൊണ്ട് ചിത്രത്തിന്റെ ലൊക്കേഷനില്‍ വലിയ എന്‍ജോയ്‌മെന്റ് ഒന്നും ഉണ്ടായിരുന്നില്ലെന്നും ധര്‍മജന്‍ ബോള്‍ഗാട്ടിക്കും ബേസിലിനുമൊക്കെ സിനിമയില്‍ ആകെ ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സംവിധായകന്‍ നിതിന്‍ ദേവിദാസും രമേഷ് പിഷാരടിയും പറഞ്ഞു.

”ധര്‍മേട്ടനും ബേസിലുമൊക്കെ ആകെ ഒരു ദിവസമേ ഉണ്ടായിരുന്നുള്ളൂ. അത്രയേ ഉള്ളൂ. ബാക്കി മുഴുവന്‍ രമേഷ് പിഷാരടി തന്നെയാണ്,” നിതിന്‍ ദേവിദാസ് പറഞ്ഞു.

”ഇവര് രണ്ടുപേരും ഒരു ദിവസം വീതമേ ഉണ്ടായിരുന്നുള്ളൂ. ലൊക്കേഷനില്‍ അങ്ങനെ യാതൊരുവിധ അടിപൊളിയും ഇല്ല എന്നുള്ളതാണ് സത്യം. ഒരു അടിപൊളിയും ഇല്ലായിരുന്നു.

തൂങ്ങിച്ചാവലും ചാകാന്‍ പോകുന്നതിന് മുമ്പുള്ള ഒരാളുടെ മാനസികാവസ്ഥയും എല്ലാമായിരുന്നു എനിക്ക് അഭിനയിക്കാനുണ്ടായിരുന്നു. കാര്യം സര്‍വൈവല്‍ ത്രില്ലര്‍ ആണെങ്കിലും കുറേ ദിവസം ആയിക്കഴിയുമ്പോള്‍ നമ്മള്‍ അതുമായി ബന്ധപ്പെട്ട ആമ്പിയന്‍സില്‍ ആയിപ്പോകും.

നമ്മള്‍ ഒരു മരിച്ച വീട്ടില്‍ പോയി കുറേ നേരം നിന്ന് കഴിഞ്ഞാല്‍ കുറച്ച് കഴിയുമ്പോള്‍ ആ ആമ്പിയന്‍സ് നമ്മളെയും ബാധിക്കുമല്ലോ. ഇതും അതുപോലെ ബാധിച്ചിരുന്നു.

പലരുടെയും ചിരിയും മിണ്ടാട്ടവുമൊക്കെ പല ദിവസങ്ങളിലും ലൊക്കേഷനില്‍ കുറവായിരുന്നു,” താരം പറഞ്ഞു.

കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സിനിമയുടെ ട്രെയിലറിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Content Highlight: Ramesh Pisharody about No Way Out Director Nithin Devidas and the romantic scenes in the movie