| Tuesday, 3rd January 2023, 4:38 pm

ന്നാ താന്‍ കേസ് കൊട് സിനിമയുമായി അത്ര സാമ്യമുണ്ടായിരുന്നു ആ കഥയ്ക്ക്; ഷൂട്ട് തുടങ്ങാനിരുന്ന ഞങ്ങള്‍ക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നു: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് രമേഷ് പിഷാരടി. അഭിനയത്തിന് പുറമെ രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

2018ല്‍ ജയറാം-കുഞ്ചാക്കോ ബോബന്‍ കോമ്പിനേഷനില്‍ ഇറങ്ങിയ ‘പഞ്ചവര്‍ണ തത്ത’ എന്ന സിനിമയിലൂടെയാണ് പിഷാരടി സംവിധാന രംഗത്തേക്ക് എത്തുന്നത്. ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന സിനിമയും പിഷാരടി ഒരുക്കിയിരുന്നു.

ഗാനഗന്ധര്‍വന് ശേഷം സംവിധാനം ചെയ്യാനിരുന്ന ചിത്രം അതിന്റെ അവസാന ഘട്ടത്തില്‍ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നെന്നും മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു ഹിറ്റ് ചിത്രവുമായി ആ കഥയ്ക്കുള്ള സാമ്യമാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമായതെന്നും പറയുകയാണ് പിഷാരടി. പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി.

‘സിനിമ സംവിധാനം ചെയ്യുന്ന കാര്യത്തില്‍ നമുക്ക് ഒന്നും അങ്ങനെ മുന്‍കൂട്ടി പറയാന്‍ പറ്റില്ല. കഴിഞ്ഞകൊല്ലം ഒരു പടം ചെയ്യേണ്ടതായിരുന്നു. അതിന്റെ ഡിസ്‌ക്കഷന്റെ അവസാനമെത്തിയപ്പോള്‍ അതിന് അപ്പോള്‍ ഇറങ്ങിയ സിനിമയുടെ കഥയുമായിട്ട് ഭയങ്കര സാമ്യതയായിപ്പോയി. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല.

സൗബിനോടൊക്കെ പറഞ്ഞ് എല്ലാം ശരിയാക്കി ഞങ്ങള്‍ തുടങ്ങാന്‍ ഇരുന്നപ്പോഴാണ് ‘ന്നാ താന്‍ കേസുകൊട്’ എന്ന സിനിമയിറങ്ങുന്നത്. ആ സിനിമയുടെ കഥയുമായി വല്ലാത്ത സാമ്യമായിപ്പോയി എന്റേതിന്. അതില്‍ പിന്നെ ഒന്നും ചെയ്യാനില്ല. അതങ്ങനെ പെട്ടന്ന് ഡ്രോപ്പ് ചെയ്യേണ്ടി വന്നു. ഇനി ഒരു കഥ ആലോചിച്ച് ഒരു നടന്റെ ഡേറ്റ് കിട്ടി ചെയ്യുക എന്ന് പറയുന്നതിന് ഒരു സമയം വേണമല്ലോ,’ രമേഷ് പിഷാരടി പറഞ്ഞു.

ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഒരിക്കല്‍ ചില്ലറ മോഷണവുമൊക്കെയായി കഴിഞ്ഞ രാജീവന്‍ എന്നയാളുടെ ജീവിതത്തില്‍ റോഡിലെ ഒരു കുഴി കാരണം ഉണ്ടാവുന്ന മാറ്റങ്ങളും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവുമാണ് സിനിമയുടെ പശ്ചാത്തലം.

കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം വന്‍ ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലേയും വിജയ ചിത്രങ്ങളില്‍ ഒന്നായി ന്നാ താന്‍ കേസ് കൊട് മാറി.

കാസര്‍ഗോഡ് നിന്ന് തന്നെയുള്ള നിരവധി പ്രതിഭകളെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിച്ച ചിത്രം കൂടിയായിരുന്നു ന്നാ താന്‍ കേസ് കൊട്.

Content Highlight: Ramesh Pisharody about Nna Than Case Kodu Movie and his Directorial

We use cookies to give you the best possible experience. Learn more