തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് മമ്മൂട്ടി എന്ന് പറയുകയാണ് നടന്‍ രമേഷ് പിഷാരടി. ഒരു പരാജയ ചിത്രത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മമ്മൂട്ടി ഒഴിഞ്ഞുമാറില്ലെന്നും റിസ്‌ക് എടുക്കാന്‍ തയാറാവുമെന്നും രമേഷ് പിഷാരടി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയെ പറ്റി രമേഷ് സംസാരിച്ചത്.
‘മമ്മൂക്ക എന്നെ കാര്യമായി ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ട്, ഒരുപാട് കാര്യങ്ങളിലും ചില തീരുമാനങ്ങള്‍ എടുക്കുന്നതിലും. ഒരു പരാജയ ചിത്രത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹം മാറില്ല. ഒരു സിനിമ വിജയിക്കാം പരാജയപ്പെടാം. അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്, നമ്മള്‍ കേള്‍ക്കുന്നത് ഒരു കഥയാണ്. പ്രൊഡക്ട് സിനിമയാണ്. സിനിമയായി വരുമ്പോള്‍ ചിലപ്പോള്‍ മറ്റൊന്നായി പോവാം. റിസ്‌ക് എടുക്കുക എന്നൊരു സംഭവമുണ്ട്,’ രമേഷ് പിഷാരടി പറഞ്ഞു.
മോഹന്‍ലാലിനൊപ്പം വിമാനത്തില്‍ വെച്ചുണ്ടായ അനുഭവവും രമേഷ് അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ഒരിക്കല്‍ ഞാന്‍ വിമാനത്തില്‍ പോവുമ്പോള്‍ അതില്‍ ലാലേട്ടന്‍ ഉണ്ടായിരുന്നു. ഫ്‌ളൈറ്റില്‍ കേറിയപ്പോഴേ ഞാന്‍ ഉറങ്ങിപ്പോയി. ഞാന്‍ ഉറക്കമെഴുന്നേറ്റപ്പോള്‍, മോനേ എങ്ങനെയാണ് ഇങ്ങനെ കിടന്നുറങ്ങാന്‍ പറ്റുന്നത്, കണ്ടപ്പോള്‍ എനിക്ക് അസൂയ തോന്നിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. മിനിഞ്ഞാന്നും ഇന്നലേയും ഇന്നുമൊന്നും ഉറങ്ങാന്‍ പറ്റിയില്ല, ഇങ്ങനെ മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു. ഉറങ്ങാന്‍ പറ്റിയില്ലെന്ന് എന്തിനാണ് സങ്കടത്തോടെ പറയുന്നത്, അത് അവരില്‍ നിന്നുമുള്ള ഇന്‍ഫ്‌ളുവന്‍സാണ്.
മമ്മൂക്കയും ലാലേട്ടനും ഇത്രയും വര്‍ഷം ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുക എന്ന് പറയുന്നത്, ഈ മേഖലയില്‍ നില്‍ക്കുന്നവരെ സത്യത്തില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യേണ്ടതാണ്. അവര്‍ക്ക് അതിനോട് ഒരു പാഷനുണ്ട്,’ രമേഷ് പിഷാരടി പറഞ്ഞു.
Content Highlight: ramesh pisharody about mammootty’s influence