| Monday, 26th June 2023, 11:44 am

മമ്മൂക്കയത് കുഞ്ചന് കൊടുത്തതുകൊണ്ട് പ്രയോജനമില്ലാതെ പോയി, എനിക്ക് തന്നിരുന്നെങ്കിലെന്ന് മണിയന്‍പിള്ള രാജു ചേട്ടന്‍ പരാതി പറയും: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കൊടുത്ത മദ്യകുപ്പി വര്‍ഷങ്ങളായി കുഞ്ചന്‍ സൂക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് രമേഷ് പിഷാരടി. മമ്മൂട്ടി മദ്യപിക്കാത്തതുകൊണ്ടാണ് 35 വര്‍ഷങ്ങള്‍ മുമ്പ് ലഭിച്ച റോയല്‍ സല്യൂട്ട് കുഞ്ചന് കൊടുത്തതെന്നും ഇന്നും അദ്ദേഹം അത് പൊട്ടിക്കാതെ സൂക്ഷിക്കുകയാണെന്നും അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന പരിപാടിയില്‍ വെച്ച് രമേഷ് പറഞ്ഞു.

’35 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂക്കക്ക് ആരോ റോയല്‍ സല്യൂട്ടിന്റെ കുപ്പി കൊണ്ടുകൊടുത്തു. മമ്മൂക്ക കുടിക്കില്ല. മമ്മൂക്ക കുടിക്കാത്ത ആളായതുകൊണ്ട് കുഞ്ചന്‍ ചേട്ടന് അത് കൊടുത്തു. റോയല്‍ സല്യൂട്ട് നല്ല വിലയുള്ള സാധനമാണ്.

മദ്യത്തിന് പഴകുംതോറും വില കൂടും. അത് കുഞ്ചന് കൊണ്ടുകൊടുത്തതുകൊണ്ട് ഒരു പ്രയോജനമില്ലാതെ പോയി, എനിക്ക് തന്നിരുന്നെങ്കില്‍ അടിക്കാമായിരുന്നു എന്ന് മണിയന്‍പിള്ള രാജു ചേട്ടന്‍ പറയും. എപ്പോഴും പരാതിയാണ്,’ രമേഷ് പിഷാരടി പറഞ്ഞു.

അന്നത്തെ വില കൂടിയ മദ്യമാണ് മമ്മൂട്ടി തനിക്ക് തന്നതെന്ന് കുഞ്ചനും പറഞ്ഞു. ‘കോസ്റ്റ്‌ലിയസ്റ്റ് ഡ്രിങ്കാണ്. അതിന്റെ പേര് തന്നെ റോയല്‍ സല്യൂട്ട് എന്നാണ്. അദ്ദേഹം കുടിക്കാത്തതുകൊണ്ട് എനിക്ക് സമ്മാനിച്ചു. ആ ബോട്ടില്‍ താന്‍ ഇപ്പോഴും സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. 35 വര്‍ഷമായി ഞാനത് പൊട്ടിച്ചിട്ടില്ല. ഇതുവരെയും പൊട്ടിച്ചിട്ടില്ല,’ കുഞ്ചന്‍ പറഞ്ഞു.

സംസാരവും വേഷവിധാനങ്ങളും കണ്ട് ചില ആളുകള്‍ കുഞ്ചന്‍ ആംഗ്ലോ ഇന്ത്യനാണെന്ന് വിചാരിച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. ‘കുഞ്ചേട്ടന്‍ ആഗ്ലോ ഇന്ത്യനാണെന്ന് വിചാരിക്കുന്ന ആളുകള്‍ വരെയുണ്ട്. ഒന്ന് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പറയിപ്പിച്ചും കുഞ്ചേട്ടന്‍ അറിഞ്ഞുകൊണ്ട് പറഞ്ഞുമാണ് ആളുകള്‍ അങ്ങനെ വിചാരിക്കുന്നത്. പിന്നെ അന്നത്തെ കാലത്ത് ചില തൊപ്പിയും ഷര്‍ട്ടും അകത്ത് ഒരു ബനിയനും പുറത്തൊരു സാധനവുമുണ്ട്. ചുമ്മാ ഒരു കളം കളം ഷര്‍ട്ടും പാന്റും ഇട്ടിട്ട് കാര്യമില്ലല്ലോ. അങ്ങനെ ഒരു സ്‌റ്റൈലൈസ്ഡ് നടപ്പൊക്കെ ഉണ്ടായിരുന്നു.

മാത്രമല്ല, ഞാനൊക്കെ ചെറുപ്പത്തില്‍ കേള്‍ക്കുന്ന ആദ്യത്തെ ബ്യൂട്ട് പാര്‍ലര്‍ കുഞ്ചേട്ടന്റെ ഭാര്യ ശോഭ ചേച്ചിയുടേതായിരുന്നു. ഇപ്പോള്‍ ഇത് എല്ലായിടത്തുമുണ്ടല്ലോ. കുഞ്ചേട്ടന്റെ ഭാര്യ ബ്യൂട്ടിഷനാണെന്ന് പറയുന്നതല്ലാതെ കേരളത്തില്‍ അന്ന് വേറെ ഒരു ബ്യൂട്ടീഷനില്ലായിരുന്നു,’ രമേഷ് പിഷാരടി പറഞ്ഞു.

Content Highlight: ramesh pisharody about mammootty’s goft for kunchan

We use cookies to give you the best possible experience. Learn more