| Friday, 11th August 2023, 11:55 am

മാളികപ്പുറത്തില്‍ എന്റെ കഥാപാത്രം ചെയ്യേണ്ടത് വേറൊരു നടനായിരുന്നു; ഏറ്റവും അവസാനമാണ് ആ കഥാപാത്രം എനിക്ക് കിട്ടിയത്: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാളികപ്പുറത്തിലെ ഉണ്ണി എന്ന കഥാപാത്രം താന്‍ ചെയ്യേണ്ടതായിരുന്നില്ലെന്ന് പറയുകയാണ് നടനും മിമിക്രി ആര്‍ടിസ്റ്റുമായ രമേഷ് പിഷാരടി. മറ്റൊരാള്‍ ചെയ്യേണ്ട വേഷം തന്നിലേക്ക് അവസാനനിമിഷം എത്തിച്ചേരുകയായിരുന്നെന്നും പിഷാരടി പറഞ്ഞു.

മാളികപ്പുറത്തിലെ അഭിനയത്തിനുള്ള ആനന്ദ് ടിവിയുടെ ബെസ്റ്റ് ക്യാരക്ടര്‍ റോള്‍ അവാര്‍ഡ് വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി. ഇക്കാലയളവിനുള്ളില്‍ താന്‍ നിരവധി അവാര്‍ഡ് ഷോകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഒരു സിനിമയില്‍ അഭിനയിച്ചതിന് ആദ്യമായി ലഭിക്കുന്ന അവാര്‍ഡാണ് ഇതെന്നും മാളികപ്പുറത്തില്‍ തനിക്ക് പകരം വേഷം ചെയ്യേണ്ടിയിരുന്ന നടന് ഇനിയും ഇനിയും ഏറെ തിരക്കുകള്‍ ഉണ്ടാകട്ടെയെന്നും രമേഷ് പിഷാരടി പറഞ്ഞു.

‘ മാളികപ്പുറം എന്ന സിനിമയില്‍ ഞാന്‍ ചെയ്ത വേഷം വേറൊരു നടന്‍ ചെയ്യാനിരുന്നതാണ്. അവസാനം സിനിമ തുടങ്ങിയപ്പോള്‍ ഡേറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി അദ്ദേഹത്തിന് അത് ചെയ്യാന്‍ പറ്റാതെ വരികയും അവസാന നിമിഷം അത് എന്നിലേക്ക് വരികയുമായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ വേഷം ചെയ്യുന്നത്.

ആ നടന് ഇനിയും ഇനിയും ഒരുപാട് വേഷങ്ങള്‍ കിട്ടട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്. പുള്ളിക്ക് തിരക്ക് കൂടുമ്പോള്‍ എനിക്ക് വേഷങ്ങള്‍ കിട്ടും. പിന്നെ അവാര്‍ഡ് നൈറ്റുകളുടെ കാര്യം. കൊവിഡ് ആയപ്പോള്‍ അവാര്‍ഡ് ഷോകള്‍ ഒന്നു ചെറുതായി ഒതുങ്ങി. അല്ലാത്ത സമയങ്ങളില്‍ ഒരു കൊല്ലം അഞ്ചോ ആറോ അവാര്‍ഡ് നൈറ്റുകള്‍ ഉണ്ടാകും.

അതിന് പോകുമെങ്കിലും എനിക്ക് അവാര്‍ഡുകള്‍ പൊതുവെ കിട്ടാറില്ല. മാത്രമല്ല ലഭിക്കുന്ന അവാര്‍ഡുകള്‍ ടെലിവിഷനിലെ പരിപാടികള്‍ക്കോ ടെലിവിഷനിലെ പ്രകടനങ്ങള്‍ക്കോ ഒക്കെയാണ്. ഒരു സിനിമയില്‍ അഭിനയിച്ചതിന് ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന അവാര്‍ഡാണ് ഇത്.

ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമ മമ്മൂക്കയുടെ നസ്രാണിയാണ്. അതില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു പത്രറിപ്പോര്‍ട്ടര്‍ ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്. ഇപ്പോള്‍ ഞാന്‍ ഈ അവാര്‍ഡ് വാങ്ങുമ്പോള്‍ മമ്മൂക്ക മുന്നിലുള്ളത് വലിയൊരു സന്തോഷമായി കാണുകയാണ്. അതുപോലെ ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ ചാക്കോച്ചനും ഈ വേദിയില്‍ ഉള്ളതില്‍ സന്തോഷമുണ്ട്.

പിന്നെ എനിക്ക് ഈ അവാര്‍ഡ് സമ്മനിച്ചത് വിനീത് ശ്രീനിവാസനാണ്. ഞാനും വിനീതും ഒരേ ദിവസം ജനിച്ച ആള്‍ക്കാരാണ്. അവാര്‍ഡ് തന്ന വിനീതിന് രമേഷ് ആകാന്‍ പറ്റില്ലെങ്കിലും അവാര്‍ഡ് മേടിച്ച എനിക്ക് ‘വിനീത’നാകാന്‍ ഈ സമയം പറ്റും,’ രമേഷ് പിഷാരടി പറഞ്ഞു.

നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇതുവരെ തനിക്ക് സിനിമ തെരഞ്ഞെടുത്ത് ചെയ്യാനുള്ള അവസരം വന്നിട്ടില്ലെന്ന് പിഷാരടി മുന്‍പും പറഞ്ഞിരുന്നു. മാളികപ്പുറം എന്ന സിനിമ തന്നെ സംബന്ധിച്ച് വലിയ സിനിമയാണെന്നും അത്യാവശ്യം അഭിനയിക്കാനുള്ള കാര്യങ്ങള്‍ ആ കഥാപാത്രത്തിന് ഉണ്ടായിരുന്നെന്നും പിഷാരടി പറഞ്ഞിരുന്നു.

2018ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന ചിത്രവും പിഷാരടി സംവിധാനം ചെയ്തിരുന്നു.

Content Highlight: Ramesh Pisharody about malikappuram movie and his character

We use cookies to give you the best possible experience. Learn more