മലയാള സിനിമക്ക് തീരാനഷ്ടം വരുത്തിക്കൊണ്ട് നടന്‍ ഇന്നസെന്റ് വിടവാങ്ങിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. വിവരമറിഞ്ഞ് മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്നസെന്റിനെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ രമേഷ് പിഷാരടി. തന്റെ രോഗത്തെ പറ്റി പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന് അദ്ദേഹത്തിന് വാശിയുണ്ടായിരുന്നുവെന്നും പോസിറ്റീവായി എല്ലാ കാര്യങ്ങളേയും സമീപിക്കുന്ന മനുഷ്യനാണ് ഇന്നസെന്റെന്നും പിഷാരടി പറഞ്ഞു. ഇതുവരെ കണ്ണ് നിറഞ്ഞ് കാണാത്ത ഇന്നസെന്റിനെ അങ്ങനെ കണ്ടത് പങ്കാളിയായ ആലീസിന് അസുഖം വന്നപ്പോഴാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പിഷാരടി പറഞ്ഞു.
‘ഇത്രയും സര്‍ക്കാസം ജീവിതത്തില്‍ കൊണ്ടുനടന്ന മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല, അമ്മ പോലെ ഒരു സംഘടന ഇത്രയും ഗംഭീരമായി കൊണ്ടുനടന്നതിന് പിന്നില്‍ അദ്ദേഹമാണ്. സ്വന്തം രോഗത്തെ പറ്റി പറഞ്ഞ് ഒപ്പമുള്ളവരെ വേദനിപ്പിക്കരുത് എന്നൊരു വാശിയുള്ളത് പോലെ നര്‍മം പറഞ്ഞുകൊണ്ടിരുന്ന ആളാണ്.
അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത് ഇതുവരെ കണ്ടിട്ടില്ല എന്ന് ഇന്നസെന്റ് ചേട്ടന്റെ ഡോക്ടര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആലീസാന്റിക്ക് അസുഖമാണെന്ന് പറഞ്ഞപ്പോഴാണ് ഇന്നസെന്റ് ചേട്ടന്റെ കണ്ണ് ആദ്യമായി നിറഞ്ഞുകണ്ടത്. അതാണ് എന്റെ ആക്ടിങ്ങിന്റെ കപ്പാസിറ്റി എന്ന് പറഞ്ഞ് എല്ലാവരേയും ചിരിപ്പിച്ച് തള്ളിക്കളഞ്ഞ് പോകുന്ന ഒരു മനുഷ്യനാണ് അദ്ദേഹം.
അത്രയും പോസിറ്റീവായി കാര്യങ്ങളെ സമീപിക്കുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ കുറവുകള്‍ പറയുന്നതിന് ഒരു മടിയുമില്ല. എത്ര വലിയ മനുഷ്യനാണെങ്കിലും ഇങ്ങനെ ഒരു അസുഖം വന്നാല്‍ കൈ വിട്ട് പോകും. ഇദ്ദേഹം ഒരു നിമിഷം പോലും അങ്ങനെ കൈവിട്ട് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം അത്രയും പിടിച്ചുനിന്ന ഒരാളാണ്,’ പിഷാരടി പറഞ്ഞു.
Content Highlight: ramesh pisharody about innocent