| Tuesday, 25th February 2025, 8:06 am

മമ്മൂക്കയും ശ്രീനിയേട്ടനും തമ്മിലുള്ള ആ ഫൈറ്റ് സീനില്‍ ലോകത്ത് ഒരു സിനിമയിലും ചെയ്തിട്ടില്ലാത്ത ഒരു കാര്യമുണ്ട്: രമേശ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പിഷാരടി 2018ല്‍ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഗാനഗന്ധര്‍വനും ഒരുക്കി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് പിഷാരടി. അപാരമായ ഹ്യൂമര്‍ സെന്‍സാണ് ശ്രീനിവാസനുള്ളതെന്ന് രമേശ് പിഷാരടി പറഞ്ഞു. മിക്ക സിനിമകളിലും ആരും ശ്രദ്ധിക്കാത്ത ചില ഗംഭീര കോമഡികള്‍ ശ്രീനിവാസന്‍ സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും അതെല്ലാം വളരെ മനോഹരമാണെന്നും രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

ഗോളാന്തരവാര്‍ത്ത എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള ഒരു ഫൈറ്റ് സീനുണ്ടെന്നും അതില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കോമഡിയുണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു. ചിത്രത്തില്‍ ശ്രീനിവാസന്റെ കാരക്കൂട്ടില്‍ ദാസന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അടിക്കാന്‍ ചെല്ലുമ്പോള്‍ ശ്രീനിവാസന്‍ അലറുന്ന സൗണ്ട് ഉണ്ടാക്കുന്നുണ്ടെന്നും അത് കേട്ട് മമ്മൂട്ടി ഞെട്ടുന്നുണ്ടെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഒരു സിനിമയിലും ചെയ്യാത്ത കാര്യമാണ് അതെന്നും ശ്രീനിവാസന്‍ എന്ന നടനും എഴുത്തുകാരനും മാത്രമേ അങ്ങനെ ചിന്തിക്കാന്‍ സാധിക്കുള്ളൂവെന്നും രമേശ് പിഷാരടി പറഞ്ഞു. അത്തരത്തില്‍ പല സിനിമകളിലും ആരും ശ്രദ്ധിക്കാത്ത ചെറിയ ചില തമാശകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പലതും ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

‘ശ്രീനിയേട്ടന്റെ ഹ്യൂമര്‍ സെന്‍സിലെ ചില സംഗതികള്‍ ഇന്നും ആരും ചര്‍ച്ച ചെയ്തിട്ടില്ല. അപാരമായ ഹ്യൂമര്‍ സെന്‍സാണ് ശ്രീനിയേട്ടന്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഗോളാന്തര വാര്‍ത്ത എന്ന സിനിമയാണ്. അതില്‍ ശ്രീനിയേട്ടന്റെ ക്യാരക്ടര്‍ ഒരു ഗുണ്ടയാണ്. കാരക്കൂട്ടില്‍ ദാസന്‍. മമ്മൂക്കയുടെ ക്യാരക്ടര്‍ ദാസനെ തല്ലുന്ന സീനുണ്ട് ആ പടത്തില്‍.

ആ സീനിന്റെ ഇടയ്ക്ക് മമ്മൂക്കയുടെ ക്യാരക്ടര്‍ തല്ലാന്‍ വരുമ്പോള്‍ ശ്രീനിയേട്ടന്‍ അലറുന്ന സൗണ്ട് ഉണ്ടാക്കും. ഇത് കേട്ട് മമ്മൂക്ക ഞെട്ടി പിന്നോട്ട് പോകും. ലോകത്ത് ഒരു സിനിമയിലും അങ്ങനെ ഒരു സംഗതി ആരും ചെയ്തിട്ടുണ്ടാകില്ല. ശ്രീനിയേട്ടന് മാത്രമേ അങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കുള്ളു. ഇതുപോലെ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങള്‍ പുള്ളിയുടെ പടങ്ങളിലുണ്ട്,’ രമേശ് പിഷാരടി പറഞ്ഞു.

Content Highlight: Ramesh Pisharody about Humor sense of Sreenivasan in his scripts

We use cookies to give you the best possible experience. Learn more