| Tuesday, 19th April 2022, 2:43 pm

കുരങ്ങനാണെന്നും പറഞ്ഞ് കുട്ടിത്തേവാങ്കിനെ പിടിച്ചു വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്, പൂമ്പാറ്റയും പച്ചത്തുള്ളനുമായിരുന്നു ആദ്യത്തെ പെറ്റ്; വളര്‍ത്തുമൃഗങ്ങളെ കുറിച്ച് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. ടി.വി ഷോകളിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരം അവയോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മിന്‍പിന്‍ എന്നു പോരുള്ള പട്ടിയടക്കം നിരവധി പെറ്റുകളാണ് താരത്തിനുള്ളത്.

വളര്‍ത്തുമൃഗങ്ങളോടുള്ള തന്റെ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ചെറുപ്പം മുതല്‍ തന്നെ മൃഗങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും പറയുകയാണ് പിഷാരടി.

സിനമാ ഡാഡിക്ക്‌നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘വളരെ ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണ്. ഞാന്‍ വെള്ളൂര്‍ പേപ്പര്‍ കമ്പനിയുടെ ക്വാട്ടേഴ്‌സിലായിരുന്നു എന്റെ കുട്ടിക്കാലം ക്വാട്ടേഴ്‌സില്‍ പെറ്റ്‌സ് അലൗഡ് അല്ല. എല്ലാവരും തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലമായതിനാല്‍ അവിടെ ജീവികളെ വളര്‍ത്താന്‍ സാധിക്കില്ല.

അപ്പോള്‍ പൂമ്പാറ്റയെ പിടിച്ച് തുണിയിട്ടുവെക്കുന്ന കൊട്ടയിലിട്ട് വളര്‍ത്തുക, വിട്ടില്, പച്ചത്തുള്ളന്‍ തുടങ്ങിയ സാധനങ്ങളെയൊക്കെ പിടിച്ച് വളര്‍ത്തുക, ഇതൊക്കെയായിരുന്നു അന്നത്തെ പെറ്റ്‌സ്.

ഇതുകൂടാതെ ഒരിക്കല്‍ കാലത്ത് കളിക്കാന്‍ പോയപ്പോള്‍ അവിടെ നിന്നും കുട്ടിത്തേവാങ്ക് എന്നുപറയുന്ന ഒരു ജീവിയെ കിട്ടി. ഞാന്‍ കുരങ്ങനാണെന്നും പറഞ്ഞ് കുറച്ചുനേരം വീട്ടില്‍ കൊണ്ടുപോയി വെച്ചു. അമ്മ ഇതിനെയൊന്നും ഇവിടെ വളര്‍ത്താന്‍ പറ്റില്ല എന്നുപറഞ്ഞ് കളഞ്ഞിട്ടുണ്ട്.

വഴിയില്‍ നിന്നും പരിക്കുപറ്റി കിടക്കുന്ന ഒരുപാട് ജീവികളെ അന്നേ ഞാന്‍ വീട്ടില്‍ കൊണ്ടുവരുമായിരുന്നു. ചിലപ്പോള്‍ താഴെ വീണുകിടക്കുന്ന കാക്കക്കുഞ്ഞിനെയാവും കൊണ്ടുവരിക. കാക്ക വീടിന് ചുറ്റും വന്‍ ബഹളമായിരിക്കും കുഞ്ഞ് അകത്തായിട്ട്. അങ്ങനെ ഒരുപാടുണ്ട്,’ താരം പറയുന്നു.

തന്റെ രണ്ടാമത്തെ മകന് ഈ ശീലം കിട്ടിയിട്ടുണ്ടെന്നും വീട്ടിലുള്ള ജീവികളെ അവനാണ് നോക്കുന്നതെന്നും പിഷാരടി പറയുന്നു.

‘അവന് വലുതാവുമ്പോള്‍ മൃഗഡോക്ടറാവണമെന്നാണ് പറയുന്നത്. അവനാണ് വീട്ടില്‍ എന്റെ ചെറിയ പട്ടിയെ കുളിപ്പിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് വലിയ പേടിയാണ് അവനാണ് അതിന്റെ പിന്നാലെ നടക്കുന്നത്.

ഇവന് പേടി കുറവാണ്, അതാണ് എന്റെ പേടി. ഇവന്‍ വഴിയെ പോവുന്ന പട്ടികളുടെ പിന്നാലെ പോവുകയും ഇതുപോലെ പെരുമാറുകയും ചെയ്യും. എന്തായാലും അവന് പേടിയൊന്നുമില്ല ഏത് ജീവി വന്നാലും അതിന്റെ നേരെ നെഞ്ചും വിരിച്ച് പോവുന്നത് കാണാം,’ പിഷാരടി കൂട്ടിച്ചേര്‍ക്കുന്നു.

ഇപ്പോള്‍ വീട്ടില്‍ പട്ടി മാത്രമേ ഉള്ളൂവെന്നും മറ്റ് ജീവികളെ തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും പിഷാരടി പറയുന്നു. തത്തയും പട്ടിയും തമ്മില്‍ ചേരില്ല, ഇഗ്വാനയും തത്തയും തമ്മില്‍ ചേരില്ല ഇവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഈഗോ ക്ലാഷ് ആണെന്നും താരം പറയുന്നു.

‘തത്തയെ അഴിച്ചു വിടണമെങ്കില്‍ ഫാന്‍ ഓഫ് ചെയ്യണം, അത് ഉടനെ പോയി പട്ടിയുടെ പുറത്തിരിക്കും പട്ടി പിന്നെ ഇതിന്റെ പിന്നാലെ ഓടും. ഇഗ്വാനയ്ക്കാണെങ്കില്‍ പട്ടിയെ കാണുന്നതേ ദേഷ്യമാണ്. അങ്ങനെ ഓരോ പ്രശ്‌നം,’ പിഷാരടി പറയുന്നു.

Content highlight: Ramesh Pisharody about his pets

We use cookies to give you the best possible experience. Learn more