നോ വേ ഔട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനേതാവായി മലയാള സിനിമയില്‍ എത്തുകയാണ് രമേഷ് പിഷാരടി. നവാഗതനായ നിതിന്‍ ദേവീദാസ് ഒരുക്കുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങിയിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ടീസറും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു. നോ വേ ഔട്ട് എന്ന ചിത്രത്തിലെ കഥാപാത്രം തന്നിലേക്ക് എത്തിയതിനെ കുറിച്ചും ആ വേഷം ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ചും പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കപ്പല് മുതലാളി എന്ന സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ശേഷം നായകനായി പല സിനിമകളും എനിക്ക് വന്നിരുന്നു. എന്റെ നേരെ ഒരു സിനിമ വരുമ്പോള്‍ എനിക്കറിയാം, ഒന്നുകില്‍ അവര്‍ക്ക് ആരേയും കിട്ടാത്തതുകൊണ്ട് വരുന്നതായിരിക്കുമെന്ന്.
പല നടന്മാരുടെയൊക്കെ പിറകെ നടന്ന് അവസാനം അവരുടെ ആരുടേയും ഡേറ്റ് കിട്ടാതെ വരുമ്പോള്‍ ഇവര്‍ക്ക് ഒരു പടം ചെയ്യാനുള്ള കൊതി കൊണ്ട് വരുന്നതായിരിക്കും. അത് ചിലപ്പോള്‍ എനിക്ക് പറ്റുന്നതായിരിക്കില്ല. കാരണം അത് അങ്ങനെയുള്ള ഒരു ഹീറോ ചെയ്യേണ്ട വേഷമായിരിക്കും.
എനിക്ക് ഇതിനെ കുറിച്ച് അറിയാവുന്നതുകൊണ്ട് ഞാന്‍ അവരെ നിരുത്സാഹപ്പെടുത്തും ഇതിന് ഇത്തരത്തിലുള്ള കുഴപ്പങ്ങളുണ്ടെന്നും എന്നെ വെച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.
കപ്പലുമുതലാളിയില്‍ ഞാന്‍ ഒരു തമാശകഥാപാത്രമായിരുന്നില്ല. സീരിയസ് ആയിട്ടുള്ള കഥാപാത്രമായിരുന്നു സിനിമകളിലും തമാശ ചെയ്തതിനേക്കാള്‍ കൂടുതലും സീരിയസ് ആയിട്ടുള്ള വേഷങ്ങളാണ് ഞാന്‍ ചെയ്തത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണെങ്കിലും സെല്ലുലോയ്ഡ് ആണെങ്കിലും ഇമ്മാനുവല്‍ ആണെങ്കിലും പ്രീസ്റ്റ് ആണെങ്കിലുമൊക്കെ.
അതുകഴിഞ്ഞ് കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരാള്‍ വന്ന് എന്റെ അടുത്ത് ഒരു കഥ പറയുന്നത്. എന്നെ പ്രധാന വേഷത്തില്‍ കണ്ടാണ് അദ്ദേഹം കഥ പറഞ്ഞത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഇത് കൊള്ളാം ഇതില്‍ നമ്മള്‍ ഫിറ്റ് ആകുമെന്ന് എനിക്ക് തോന്നി.
കഥ കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ നമ്മള്‍ ഇതില്‍ സിങ്കാവുമെന്ന് മാത്രമല്ല. മറ്റ് പലരേയും വെച്ച് ആലോചിക്കുമ്പോഴെല്ലാം അതിനേക്കാള്‍ അനുയോജ്യന്‍ ഞാനാണെന്ന് തോന്നുന്ന അവസ്ഥയുണ്ടായിരുന്നു.
പിന്നെ നോ വേ ഔട്ടിലേക്ക് എന്നെ പ്രധാന കഥാപാത്രമാക്കിയതിന് അവന്‍ പറഞ്ഞ മറ്റ് ചില കാരണങ്ങളുമുണ്ടായിരുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ സംവിധായകന്റെ വിഷന്‍ കറക്ടായിരുന്നു.
മാത്രമല്ല ഇങ്ങനെയൊരു സിനിമ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിട്ട് അവിടെയും ഇവിടയേും ഇല്ലാത്ത അവസ്ഥയുണ്ടല്ലോ ആ ലോക്കാണ് സിനിമയുടെ ബേസ്. അത് നമുക്ക് കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൗതുകം ഉണ്ടാകും. അത് തന്നെയാണ് ഈ ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്,’ രമേഷ് പിഷാരടി പറഞ്ഞു.
മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചലച്ചിത്ര വിഭാഗമാണ് സര്‍വൈവല്‍ ത്രില്ലറുകള്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയിട്ടുള്ള രമേഷ് പിഷാരടി വളരെ സീരിയസ് ആയ ഒരു കഥാപാത്രത്തിന് ജീവന്‍ പകരുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകം
റെമോ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മ്മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളില്‍ എത്തുന്നുണ്ട്.
വര്‍ഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ.ആര്‍ മിഥുന്‍ ആണ്. കെ.ആര്‍ രാഹുല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.
Content Highlight: Ramesh Pisharody About His New Movie No Way Out