എന്റെ ശബ്ദം കേട്ടതോടെ ആ ചിത്രത്തില്‍ മമ്മൂക്ക അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറഞ്ഞ് തുടങ്ങി: രമേഷ് പിഷാരടി
Film News
എന്റെ ശബ്ദം കേട്ടതോടെ ആ ചിത്രത്തില്‍ മമ്മൂക്ക അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറഞ്ഞ് തുടങ്ങി: രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th April 2022, 4:06 pm

സിനിമാപ്രേമികള്‍ മുഴുവന്‍ ഏറ്റെടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 2015ലെ ചാര്‍ലി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രം കൂടിയായിരുന്നു അത്. ചിത്രത്തിലെ നായികയായ ടെസയായി എത്തിയത് പാര്‍വതി തിരുവോത്തായിരുന്നു.

ഇതില്‍ അല്പസമയം മാത്രമാണ് ചിത്രത്തിലെത്തിയതെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് രമേഷ് പിഷാരടിയുടേത്.

സിനിമയിലെ ഇന്റര്‍വെല്ലിന് ശേഷം ചാര്‍ലിയെ തേടി പോകുന്ന ഹോട്ടല്‍ മുറിയില്‍ ടെസ കണ്ടത് സോജന്‍ എന്ന രമേഷ് പിഷാരടിയുടെ കഥാപാത്രത്തെയായിരുന്നു. ഈ കഥാപാത്രം തനിക്ക് വന്നതിനെ കുറിച്ചും, സിനിമയിലെ തന്റെ ശബ്ദം കേട്ട് മമ്മൂക്കയാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചുവെന്നും പറയുകയാണ് രമേഷ് പിഷാരടി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി.

”മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ആ സിനിമയ്ക്ക് വേണ്ടി എന്നെ വിളിക്കുന്നത്. നായികയായ ടെസ ചാര്‍ലിയെ ഒരുപാട് അന്വേഷിച്ച് നടന്ന് ഇന്റര്‍വെല്ലിന്റെ ലീഡില്‍ ഒരു ഡോറില്‍ എത്തുന്നുണ്ട്. ഈ വാതില്‍ തുറന്നാല്‍ ദുല്‍ഖറിനെ നായിക കാണുകയാണ് എന്ന് പറഞ്ഞ് വാതില്‍ തുറക്കുമ്പോള്‍ കാണുന്നത് നായകനായായിരിക്കില്ല.

ആ സമയത്ത് ആളുകള്‍ പെട്ടെന്ന് കൂവാന്‍ സാധ്യതയുണ്ട്. കാരണം, എല്ലാവരും നായകനെ കാണും എന്ന പ്രതീക്ഷയില്‍ വാതില്‍ തുറക്കുമ്പോള്‍ പിന്നെയും അവിടെ വേറെ ഒരാളെ വരുമ്പോള്‍ അത് പ്രശ്നമാവും. ഇത് ഇന്റര്‍വെല്ലിന്റെ ലീഡാണെന്നും മാര്‍ട്ടിന്‍ എന്നോട് പറഞ്ഞു.

എന്തെങ്കിലും കൂവല്‍ കിട്ടുകയാണെങ്കില്‍ എനിക്ക് കിട്ടിക്കോട്ടെ എന്ന് വിചാരിച്ചാണോ എന്നെ വിളിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അത് കൊണ്ടല്ല. പ്രേക്ഷകര്‍ നിന്നെ കണ്ടാല്‍ ചിലപ്പോള്‍ ആ കൂവാന്‍ വന്നത് തൊണ്ടയില്‍ നിന്നിറങ്ങി അത് ചിരിയായി മാറിയേക്കും എന്ന് തോന്നിയിട്ടാണ് എന്നോട് അത് ചെയ്യാന്‍ പറയുന്നത് എന്ന് മാര്‍ട്ടിന്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ഞാന്‍ ചെയ്യുന്നത്,” രമേഷ് പിഷാരടി പറഞ്ഞു.

”പിന്നീട് എനിക്ക് വേറൊരു ബാധ്യത കൂടി വന്നു. ആ സിനിമയുടെ ട്രെയ്ലര്‍ ഇറങ്ങിയതിന് ശേഷം, ചിത്രത്തില്‍ മമ്മൂക്ക അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറഞ്ഞ് തുടങ്ങി. യെസ് കം ഇന്‍ എന്ന എന്റെ ഡയലോഗ് കേട്ടിട്ടാണ് അവര്‍ക്ക് അത് തോന്നിയത്,” രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നിധിന്‍ ദേവീദാസാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. റിമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ എം.എസ് റിമോഷാണ് ചിത്രം നിര്‍മിക്കുന്നത്.

ബേസില്‍ ജോസഫ്, രവീണ നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും.

Content Highlight: ramesh pisharody about his character in charlie