| Tuesday, 8th October 2024, 4:20 pm

ഗാനഗന്ധര്‍വനിലാണ് മമ്മൂക്ക ആദ്യമായി അങ്ങനെയൊരു കാര്യം ചെയ്യുന്നത്: രമേശ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പിഷാരടി 2018ല്‍ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. തന്റെ രണ്ടാമത്തെ സംവിധാനസംരംഭം മമ്മൂട്ടിയെ നായകനാക്കിയായിരുന്നു. 2019ലാണ് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍ എന്ന ചിത്രം പിഷാരടി സംവിധാനം ചെയ്തത്.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഗാനഗന്ധര്‍വന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് പിഷാരടി. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ലെന്ന് അടുത്തിടെ മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നുവെന്ന് പിഷാരടി പറഞ്ഞു. തന്റെ മേലെ പൂര്‍ണവിശ്വാസം ആ സമയത്ത് മമ്മൂട്ടിക്ക് ഉണ്ടായിരുന്നെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

ആ സിനിമയിലാണ് മമ്മൂട്ടി ആദ്യമായി മുഴുനീള സിങ്ക് സൗണ്ട് പരീക്ഷിച്ചതെന്നും പിഷാരടി പറഞ്ഞു. അതിന് മുമ്പ് ലൗഡ് സ്പീക്കര്‍ എന്ന സിനിമയില്‍ ചെറിയ രീതിയില്‍ സിങ്ക് സൗണ്ട് ഉണ്ടായിരുന്നെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. ഉത്സവപ്പറമ്പും ഗാനമേളയും ഡാന്‍സുമൊക്കെയുള്ള സീനില്‍ സിങ്ക് സൗണ്ട് ഉപയോഗിക്കാന്‍ വളരെയധികം പാടുപെട്ടെന്ന് പിഷാരടി കൂട്ടിച്ചേര്‍ത്തു.

ആള്‍ക്കൂട്ടം ഡാന്‍സ് ചെയ്തത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വെച്ചിട്ടായിരുന്നെന്നും അല്ലാതെ പാട്ട് വെച്ചാല്‍ സിങ്ക് സൗണ്ടില്‍ ആ ശബ്ദം കേറി വരുമെന്നും പിഷാരടി പറഞ്ഞു. താന്‍ സംവിധാനം ചെയ്യുമ്പോള്‍ പലരും കോമഡി ചിത്രമാകും പ്രതീക്ഷിക്കുകയെന്നും അത് ചില സമയത്ത് തനിക്ക് ബാധ്യതയായി തോന്നാറുണ്ടെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു പിഷാരടി.

‘മമ്മൂക്ക ഈയടുത്ത് എന്നെ കണ്ടപ്പോള്‍ പറഞ്ഞിട്ടുണ്ടായിരുന്നു ‘ഗാനഗന്ധര്‍വന്‍ ഞാന്‍ പേടിച്ചുചെയ്ത സിനിമയല്ല’ എന്ന്. ആ സിനിമ ചെയ്യുന്ന സമയത്ത് പുള്ളിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നു. മമ്മൂക്ക ആദ്യമായി ചെയ്ത മുഴുനീള സിങ്ക് സൗണ്ട് സിനിമകൂടിയായിരുന്നു ഗാനഗന്ധര്‍വന്‍. അതിന് മുമ്പ് ലൗഡ് സ്പീക്കറില്‍ സിങ്ക് സൗണ്ട് ഉണ്ടായിരുന്നെങ്കിലും മുഴുനീള സിങ്ക് സൗണ്ടായിരുന്നില്ല.

ഉത്സവപ്പറമ്പും ഗാനമേളയും ആള്‍ക്കൂട്ടത്തിന്റെ ഡാന്‍സുമൊക്കെ ഒരുമിച്ച് ഷൂട്ട് ചെയ്യുന്ന സമയത്ത് നല്ലോണം ബുദ്ധിമുട്ടി. സ്‌റ്റേജിലെ പാട്ട് കേട്ട് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന സീന്‍ ഷൂട്ട് ചെയ്തത് എങ്ങനെയാണെന്ന് വെച്ചാല്‍, ആ ഡാന്‍സ് ചെയ്യുന്നവരോട് ബ്ലൂടൂത്ത് ഹെഡ്‌സെറ്റില്‍ പാട്ട് വെക്കാന്‍ പറയും. കാരണം, അവര്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ അത് സിങ്ക് സൗണ്ടില്‍ പിടിക്കും. പിന്നീട് അത് പണിയാകും,’ രമേശ് പിഷാരടി പറഞ്ഞു.

Content Highlight: Ramesh Pisharody about Ganagandharvan movie and Mammootty

We use cookies to give you the best possible experience. Learn more