| Sunday, 17th April 2022, 9:18 am

ആശുപത്രിയില്‍ ഷെര്‍വാണി ഇട്ട് പോയ നല്ലവനായ ഉണ്ണിയെപ്പോലെ ആര്യ ഒരു മരണവീട്ടില്‍ പോയിട്ടുണ്ട്: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതാരകന്‍, സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍, നടന്‍, സംവിധായകന്‍, കോമഡി ആര്‍ടിസ്റ്റ് എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തിളങ്ങിയിട്ടുള്ള താരമാണ് രമേഷ് പിഷാരടി.

രമേഷ് പിഷാരടിയുടെ ഏറ്റവും ശ്രദ്ധേയമായ കോമഡി വേഷങ്ങളിലൊന്നാണ് നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി.

കഞ്ചാവ് വളര്‍ത്തിയതിന് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും, ആശുപത്രിയില്‍ ഐ.സി.യുവില്‍ കിടക്കുന്ന അച്ഛനെ കാണാന്‍ പാര്‍ട്ടിവെയര്‍ ഷെര്‍വാണി ധരിച്ച് ഉണ്ണി പോകുന്നതുമായി സീനുകളെല്ലാം കണ്ട് പ്രേക്ഷകര്‍ ഒരുപാട് ചിരിച്ചിട്ടുള്ളതാണ്.

ആ കഥാപാത്ര സൃഷ്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ജിഞ്ചര്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രമേഷ് പിഷാരടി. തന്റെ പുതിയ സിനിമയായ നോ വേ ഔട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

”ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും തന്നെയാണ് നല്ലവനായ ഉണ്ണി കഥാപാത്രത്തെ എഴുതിയുണ്ടാക്കിയത്. പക്ഷെ, അതിന്റെ പെര്‍ഫോമന്‍സിന്റെ കാര്യം വന്നപ്പോള്‍ ഞാനും കൂടെ നാദിര്‍ഷിക്കയോടും ഇവരോടും സംസാരിച്ചിരുന്നു.

കാരണം, ഇയാള്‍ ചെയ്യുന്നത് കുഴപ്പമാണ് എന്ന ബോധ്യം ഇയാള്‍ക്കില്ല. അങ്ങനെ ചില ആള്‍ക്കാരുണ്ട്. ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ് എന്ന് അറിയില്ല.

പുള്ളിയെ പൊലീസ് പിടിച്ചുകൊണ്ട് പോകുമ്പോഴും തെറ്റ് ചെയ്യരുത് ചേട്ടാ എന്ന് ബാക്കിയുള്ളവരോട് പറയുകയാണ്. താന്‍ കാണിച്ചത് പോക്കിരിത്തരമാണെന്ന് പുള്ളി ജയിലില്‍ പോകുന്നത് വരെ സമ്മതിച്ചിട്ടില്ല.

ചിരിച്ച്, ഹാപ്പിയായി. ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ കാണുന്ന കൊച്ചിനോട് നന്നായി പഠിക്കണേ എന്നൊക്കെ പറയുന്നുണ്ട്. അങ്ങനത്തെ ക്യാരക്ടറാണ്.

തെറ്റാണ് ചെയ്യുന്നതെന്ന് ബോധ്യമില്ലാതെ ചെയ്യുന്ന കഥാപാത്രമായിരിക്കണം എന്നത് എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണ്. ഷെര്‍വാണി ഇട്ട് ഹോസ്പിറ്റലില്‍ പോകുന്നതൊക്കെ ബിബിനും വിഷ്ണുവും പ്ലാന്‍ ചെയ്തതാണ്,” രമേഷ് പിഷാരടി പറഞ്ഞു.

ഷെര്‍വാണി ഇട്ട് ആശുപത്രിയില്‍ പോകുന്ന ഉണ്ണിയുമായി സാമ്യമുള്ള ആളുകള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടോ, എന്ന അവതാരകന്റെ ചോദ്യത്തിനും താരം രസകരമായി മറുപടി പറയുന്നുണ്ട്.

”എനിക്ക് തോന്നുന്ന ഒരു കാര്യം, ഉറപ്പില്ല. ഫേമസ് ആയ ഒരാള്‍ ഒരിക്കല്‍ മരിച്ചുപോയി. ഞങ്ങള്‍ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ്ങിലായിരുന്നു. അവിടെ നിന്ന് ബ്രേക്കില്‍ മരിച്ച വീട് വരെ പോയി വരാം, എന്ന് വിചാരിച്ച് ഞങ്ങള്‍ പോയി.

അപ്പൊ ആര്യ ഒരു ഡ്രസ് ഇട്ടോണ്ട് വന്നു. ഒരിക്കലും മരിച്ച വീട്ടില്‍ ഇടാന്‍ പാടില്ലാത്ത ഒരു ഡ്രസ്. അവള്‍ക്ക് ഇതറിയില്ല. ലൊക്കേഷനില്‍ നിന്ന് വന്നതാണ്, വേറെ ഡ്രസ് ഒന്നുമില്ല.

പക്ഷെ, മരിച്ച വീട്ടിലുള്ള എല്ലാവരും, ഇതെന്താ ഇതിനിടയില്‍ ഇങ്ങനെ വന്നേക്കുന്നെ, എന്ന തരത്തില്‍ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ ലുക്ക് പാസ് ചെയ്യുന്നത് ഞാന്‍ കണ്ടു.

അതൊക്കെ ഈ നല്ലവനായ ഉണ്ണി കഥാപാത്രത്തിന്‍ പ്രചോദനമാണോ എന്ന് എനിക്കറിയില്ല. ബിബിനും വിഷ്ണുവും തന്നെ ഉണ്ടാക്കിയ ക്യാരക്ടറാണ് അത്,” താരം കൂട്ടിച്ചേര്‍ത്തു.

കപ്പല്‍ മുതലാളി എന്ന സിനിമക്ക് ശേഷം രമേഷ് പിഷാരടി നായകനായെത്തുന്ന രണ്ടാമത്തെ സിനിമയാണ് നോ വേ ഔട്ട്.

Content Highlight: Ramesh Pisharody about co-actor Arya and his character in the movie Amar Akbar Anthony

We use cookies to give you the best possible experience. Learn more