എത്ര സിനിമ ചെയ്താലും അതെല്ലാം മിമിക്രി തമാശകളെന്ന് പറഞ്ഞ് ആളുകള്‍ പരിഹസിക്കുമെന്ന് സംവിധായകന്‍ സിദ്ദിഖ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് പിഷാരടി പറയുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരാണ് തന്നോട് ഇത് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ ഒരു ഡിസ്‌കഷനില്‍ ഇരിക്കുമ്പോള്‍ തന്റെ ഒരു സുഹൃത്ത് ആ ചിത്രത്തില്‍ മൊത്തം മിമിക്രി തമാശകളാണെന്ന് പറഞ്ഞെന്നും അത് കേട്ട് താന്‍ അദ്ദേഹത്തോട് മിമിക്രി തമാശകളും സിനിമ തമാശകളും ഒരു മൂന്നെണ്ണം വെച്ച് പറഞ്ഞ് തരാന്‍ ആവശ്യപ്പെട്ടെന്നും പറയുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ തമാശകള്‍ മുമ്പ് മിമിക്രി താരങ്ങള്‍ പെര്‍ഫോം ചെയ്തിട്ടുള്ളവയായിരുന്നെന്നും പിഷാരടി പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമായായിരുന്നു അദ്ദേഹം.
‘എത്ര സിനിമ ചെയ്താലും ആ സിനിമയിലെല്ലാം മിമിക്രി തമാശകളാണെന്ന് ആളുകള്‍ പറയുമെന്ന് സിദ്ദിഖ് സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എത്ര ഹിറ്റ് ചെയ്തിട്ടും ഇത് വെച്ച് ആളുകള്‍ നമ്മളെ കളിയാക്കും. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരാണല്ലോ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തിയേറ്ററില്‍ ഓടിയ ഗോഡ് ഫാദര്‍ വരെ അവര്‍ ചെയ്തതാണല്ലോ. അതിന്റെ സംവിധായകരാണെന്ന് ഈ പറയുന്നത്, ഇങ്ങനെ ഒരു ആരോപണം വരും, അത് മിമിക്രി തമാശയാണെന്ന് ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന്.
ഒരിക്കല്‍ നമ്മള്‍ ഇങ്ങനെ ഒരു ഡിസ്‌കഷനില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ പറഞ്ഞു ആ സിനിമയില്‍ മുഴുവനും മിമിക്രി തമാശയാണെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ നീ ഒരു കാര്യം ചെയ് ഒരു മൂന്ന് മിമിക്രി തമാശയും മൂന്ന് സിനിമ തമാശയും എനിക്ക് പറഞ്ഞു തരുവെന്ന്. അപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറയാന്‍ ഇല്ല. അവന്‍ കുറെ നേരം ആലോചിച്ചിട്ട് പറഞ്ഞതെല്ലാം മിമിക്രിയില്‍ ആര്‍ട്ടിസ്റ്റുകള്‍ പെര്‍ഫോം ചെയ്ത തമാശകള്‍ മാത്രമാണ്,’ രമേശ് പിഷാരടി പറയുന്നു.