പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർത്ഥിയാകുന്നില്ലെന്ന് വ്യക്തമാക്കി സിനിമാതാരം രമേഷ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
സിനിമാതാരം രമേഷ് പിഷാരടി പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പാലക്കാട് സ്വദേശി കൂടിയായ രമേശ് പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നും വാർത്തകൾ വന്നിരുന്നു.
തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സത്യമല്ലെന്നും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്നുമാണ് പോസ്റ്റിന്റെ ഉള്ളടക്കം.
‘നിയമസഭാ ഉപതെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഉടനെയില്ല, എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യു.എഫിനൊപ്പമുണ്ടാകും,’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കവെയാണ് രമേഷ് പിഷാരടിയുടെ പേരും ഉയരുന്നത്. ഷാഫി പറമ്പിലിന് പകരക്കാരനായി ശക്തനായ നേതാവിനെ തന്നെ ഇറക്കണമെന്നാണ് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
യുവാക്കൾക്ക് വേണ്ടി ഒരു വിഭാഗം ആവശ്യമുയർത്തുമ്പോൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുതിർന്നവർ തന്നെ ഇറങ്ങട്ടെയെന്ന് പറയുന്നവരും ഉണ്ട്. കെ. മുരളീധരൻ, വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പേരുകളെല്ലാം കോൺഗ്രസിൽ ചർച്ചയാകുന്നുണ്ട്. അതിനിടയിലാണ് സർപ്രൈസ് സ്ഥാനാർത്ഥിയായി നടൻ രമേഷ് പിഷാരടി എത്തിയേക്കുമോയെന്ന വാർത്ത ഉയർന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമായിരുന്നു പാലക്കാട്. അവസാന നിമിഷം വരെ ബി.ജെ.പി സ്ഥാനാർത്ഥി ഇ. ശ്രീധരനും കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ 3,859 വോട്ടിന് ഷാഫി വിജയിച്ച് കയറുകയായിരുന്നു.
Content Highlight: Ramesh pishardies facebook post about his candidacy