മലയാളത്തില്‍ ചിരിവിരുന്നൊരുക്കിയ സ്റ്റാര്‍ ഡുവോ ആണ് രമേഷ് പിഷാരടിയും ധര്‍മജനും. സ്റ്റേജ് ഷോകളിലൂടെ ആരംഭിച്ച ഇരുവരുടെയും ബന്ധം കോമഡി ഷോകളായും സിനിമകളായും മലയാളികള്‍ക്ക് മുമ്പിലെത്തിയിരുന്നു.
ഇരുവരും ഒന്നിക്കുമ്പോഴെല്ലാം തന്നെ മലയാളികള്‍ക്ക് ചിരിക്കാനുള്ള വകയും ലഭിച്ചിട്ടുണ്ടായിരുന്നു. പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തിലും ധര്‍മജന്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പരസ്പരം കളിയാക്കിക്കൊണ്ടാണ് തമാശകള്‍ പറയാറുള്ളത് എന്നതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയും അപാരമാണ്.
ധര്‍മജന്റെ പേര് പലര്‍ക്കും ഓര്‍മയുണ്ടാവില്ലെന്നും മറ്റു പല പേരുകളുമാണ് ചിലര്‍ ധര്‍മജനെ വിളിക്കുന്നതെന്നും പറയുകയാണ് രമേഷ് പിഷാരടി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധര്‍മജനെ കുറിച്ചും അദ്ദേഹത്തിന്റെ പേര് ആളുകള്‍ തെറ്റി വിളിക്കുന്നതിനെ കുറിച്ചും പിഷാരടി പറയുന്നത്.
‘ആദ്യം എന്റെ പേര് ഒരു കൂട്ടുകാരന്‍ തെറ്റി വിളിക്കുമായിരുന്നു. ഒരിക്കല്‍ മാത്രമാണ് അവന്‍ എന്റെ ശരിയായ പേര് വിളിച്ചിട്ടുള്ളത്. ഹരീഷേ… സുമേഷേ… രതീഷേ… തുടങ്ങി എല്ലാം അവന്‍ വിളിക്കും, രമേഷേ എന്ന് മാത്രം വിളിക്കില്ല.
പിന്നെ എന്റെ കൂടെ ധര്‍മജന്‍ കൂടി. അവന്റെ പേര് എല്ലാവരും തെറ്റി വിളിക്കുന്നത് കൊണ്ട് വലിയ കുഴപ്പം തോന്നിയില്ല.
ഒരിക്കല്‍ ഒരാള്‍ എന്റെയടുത്ത് അമൃതാഞ്ജന്‍ എന്തിയേ എന്നായിരുന്നു ചോദിച്ചത്. ഞാനോര്‍ത്തു പുള്ളിക്ക് തലവേദന ആയിട്ട് ചോദിക്കുന്നതാണെന്ന്. എന്റേലില്ല എന്ന് ഞാന്‍ പറഞ്ഞു. പിന്നെയാ മനസിലായത് പുള്ളി ധര്‍മജനെയാണ് ചോദിക്കുന്നതെന്ന്,’ പിഷാരടി പറയുന്നു.
ഇതിന് പുറമെ ഒട്ടേറെ തവണ ആളുകള്‍ക്ക് ധര്‍മജന്റെ പേര് മാറിപ്പോകാറുണ്ടെന്ന് പറഞ്ഞ പിഷാരടി പേര് മാറിപ്പോയ ഒരു സംഭവം കൂടി വിശദീകരിച്ചു.
‘ഒരു സ്റ്റുഡിയോയില്‍ ഞാനെപ്പോഴും പോകാറുണ്ട്. കൊറേ നാള്‍ ഞാന്‍ ആ വഴിയൊന്നും പോയില്ല. അവിടെ രണ്ട് സെക്യൂരിറ്റിമാര്‍ ഇരിപ്പുണ്ട്. ഒരിക്കല്‍ ഞാന്‍ അവിടെ പോയപ്പോള്‍ അതില്‍ ഒരാള്‍ ചോദിച്ചു മന്‍മഥന്‍ എന്തിയേ എന്ന്.
ഞാന്‍ ആലോചിച്ചു, മന്‍മഥനോ! എനിക്ക് മനസിലായി ഇവര്‍ ധര്‍മജനെ ആണ് ചോദിക്കുന്നതെന്ന്. അതുകേട്ട് എന്റെ മുഖത്ത് ഒരു ചിരി വന്നു. ചിരി കണ്ട മറ്റേ സെക്യൂരിറ്റിക്കാരന്‍ കറക്ട് ചെയ്തു കൊടുക്കുവാ, മന്‍മഥനല്ല മദനന്‍,’ പിഷാരടി പറയുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ സി.ബി.ഐ 5 ദി ബ്രെയ്‌നിലാണ് പിഷാരടി അവസാനമായി അഭിനയിച്ചത്. അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും ഒരു കൈ നോക്കിയ പിഷാരടി, സീതാരാമം എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ മലയാളം വേര്‍ഷനില്‍ ദുര്‍ജോയ് ശര്‍മ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Ramesh Pisharati on the funny incident of wrongly calling Dharmajan’s name