തിരുവനന്തപുരം: താന്‍ കണ്ടു പരിചയിച്ച ഇടങ്ങളിലുള്ളവരെല്ലാം കോണ്‍ഗ്രസുകാരാണെന്നും തന്നെ ആകര്‍ഷിച്ചത് കോണ്‍ഗ്രസിന്റെ മൃദു സ്വഭാവമെന്നും നടനും കോമഡി താരവുമായ രമേഷ് പിഷാരടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ അച്ഛന്‍ ജോലി ചെയ്യുന്ന കാലത്ത് ഐ.എന്‍.ടി.യു.സിയ്ക്ക് ഒപ്പം നിന്ന ആളായിരുന്നുവെന്നും പിഷാരടി പറഞ്ഞു.
‘എന്തുകൊണ്ട് കോണ്‍ഗ്രസ് എന്നതിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ സാധിക്കില്ല. പക്ഷെ എന്റെ അച്ഛന്‍ ജോലി ചെയ്യുന്ന കാലത്ത് ഐ.എന്‍.ടി.യു.സിയില്‍ ഉണ്ടായിരുന്നു. പരിചയമുള്ളവരും എനിക്ക് ചുറ്റുമുള്ളവരുമെല്ലാം കോണ്‍ഗ്രസുകാരാണ്.
എന്നെ കലയില്‍ കൊണ്ട് വന്ന സലീമേട്ടന്‍, സുഹൃത്തായ ധര്‍മ്മജന്‍ ഇവരെല്ലാം ഉണ്ട്. മാത്രമല്ല, കോണ്‍ഗ്രസിനുള്ള ഒരു മൃദുസ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ തന്നെ അത്തരത്തിലാണ് എപ്പോഴും ജീവിക്കുന്നതും. എനിക്ക് സുഖമായി നില്‍ക്കാന്‍ പറ്റിയ ഇടമാണ്, അത്തരത്തിലുള്ള നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്,’ പിഷാരടി പറഞ്ഞു.
ഇന്ത്യ പോലൊരു രാജ്യത്ത്, അല്ലെങ്കില്‍ കേരളം പോലൊരു സംസ്ഥാനത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഇവിടെ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള ഒരു നാടിനെ ഇതുപോലെ ഏകോപിപ്പിച്ച് കൊണ്ട് പോകാന്‍ പറ്റിയത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.
കലാകാരനാണെങ്കിലും രാഷ്ട്രീയ ബോധമില്ലാത്തയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് രമേഷ് പിഷാരടി പ്രഖ്യാപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും പിഷാരടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന വേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു.
‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരത്തിനില്ല. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന് ആവശ്യമാണ്’, പിഷാരടി പറഞ്ഞു.
നടന്‍ ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ramesh Pisharady explains why he decided to join Congress