വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളുടെ പേരിൽ വഴക്കുണ്ടാക്കേണ്ടതിന്റെയോ കൊല്ലേണ്ടതിന്റെയൊ ആവശ്യമില്ലെന്ന് രമേശ് പിഷാരടി.
ചിലപ്പോൾ നൂറ് കൊല്ലം കഴിഞ്ഞാൽ നമ്മുടെ ആശയങ്ങൾ തെറ്റാണെന്ന ബോധ്യം നമുക്ക് വരുമെന്നും രമേശ് പിഷാരടി പറഞ്ഞു. ഒരു ദിവസമിറങ്ങുന്ന രണ്ടാളുകളുടെ സിനിമകൾ പോലെയാണ് രാഷ്ട്രീയമെന്നും നല്ലതിനെ ജനങ്ങൾ അംഗീകരിക്കുമെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പ്രേക്ഷകരോടായി രമേശ് പിഷാരടി പറഞ്ഞു.
‘വ്യത്യസ്ത രാഷ്ട്രീയത്തിലുള്ളവർ തമ്മിൽ ആവശ്യമില്ലാത്ത ഒരു ശത്രുത എന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ വെച്ചുപുലർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് എല്ലാ രാഷ്ട്രീയത്തിലുള്ളവരോടും തുല്യ സ്നേഹമാണ്. അല്ലാതെ എന്റെ കൂടെ ഇരിക്കുന്നവരോട് കൂടുതൽ സ്നേഹം എന്നൊന്നില്ല.
ഒരു ദിവസം രണ്ട് സിനിമകൾ ഇറങ്ങിയാൽ ഒരാൾ അയാളുടെ സിനിമയെ പ്രൊമോട്ട് ചെയ്യും. രണ്ടാമത്തെയാൾ അയാളുടെ പടത്തേയും. നല്ലത് ജനങ്ങൾ തീരുമാനിക്കും. അതിൽ നല്ലൊരു പടം ഓടും. അതുപോലെ തന്നെയാണ് ഇതും.
നിങ്ങൾ എഞ്ചിനിയറും ഞാൻ ഡോക്ടറുമാണെങ്കിൽ, ഞാനും നിങ്ങളും വേറേ വേറേ പുസ്തകം പഠിച്ച് ഡോക്ടറും എഞ്ചിനിയറുമായി എന്ന് പറയുന്ന പോലെ വളരെ ലളിതമായി കാണാവുന്നതേയുള്ളൂ ആശയങ്ങൾ എന്ന നിലയിൽ.
ആശയങ്ങളുടെ പേരിൽ വലിയ വഴക്ക് ഉണ്ടാക്കേണ്ടതിന്റെയൊ ആരെയും കൊല്ലേണ്ടതോ ആയിട്ടുള്ള കാര്യങ്ങളൊന്നുമില്ല.
ആശയങ്ങളാണ് ചിലപ്പോൾ നൂറുകൊല്ലം കഴിയുമ്പോൾ ഇത് തെറ്റാണെന്നുള്ള ബോധ്യം നമുക്ക് വരും,’ രമേശ് പിഷാരടി പറയുന്നു
Content Highlight: Ramesh Pisharadi Talk About Political Ideologies