ചാന്ത്പൊട്ടില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം നാടകത്തില്‍ ചെയ്തത് അദ്ദേഹം: രമേശ് പിഷാരടി
Entertainment
ചാന്ത്പൊട്ടില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം നാടകത്തില്‍ ചെയ്തത് അദ്ദേഹം: രമേശ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th December 2024, 1:12 pm

ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചാന്തുപൊട്ട്. ദിലീപ് രാധാകൃഷ്ണന്‍ എന്ന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ദിലീപിനെ കൂടാതെ ഗോപിക, ലാല്‍, ഭാവന, ഇന്ദ്രജിത്, രാജന്‍ പി. ദേവ് തുടങ്ങിയ മികച്ച അഭിനേതാക്കള്‍ ചിത്രത്തിന് വേണ്ടി അണിനിരന്നിരുന്നു.

ചാന്തുപൊട്ട് എന്ന സിനിമ ബെന്നി പി. നായരമ്പലത്തിന്റെ നാടകമായ അറബിക്കടലും അത്ഭുതവിളക്കും ആയിരുന്നെന്ന് രമേശ് പിഷാരടി പറയുന്നു. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം നാടകത്തില്‍ ബെന്നി പി. നായരമ്പലമാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

‘പലര്‍ക്കും അറിയുന്ന കാര്യമാണ്, ചാന്ത്പൊട്ട് എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം നാടകത്തില്‍ ചെയ്തത് ബെന്നി പി. നായരമ്പലമാണ്. ആ സിനിമ ബെന്നി ചേട്ടന്റെ നാടകമായിരുന്നു. ‘അറബിക്കടലും അത്ഭുതവിളക്കും’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. ആ നാടകം അവതരിക്കപ്പെട്ടപ്പോള്‍ അതില്‍ കേന്ദ്ര കഥാപാത്രമായ രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായി എത്തിയത് ബെന്നി ചേട്ടനാണ്.

നാടകത്തില്‍ രാധാകൃഷ്ണന്‍ ആ കഥാപാത്രത്തിന്റെ പേര്. അന്ന് വേറെ പേരായിരുന്നു. രാജന്‍ പി. ദേവ് ഒരുപാട് വേദികളില്‍ ചെയ്ത ‘കാട്ടുകുതിര’ എന്ന നാടകം സിനിമയായപ്പോള്‍ തിലകന്‍ ചേട്ടന്‍ ആണല്ലോ അഭിനയിച്ചത്. അതുപോലതന്നെ അറബിക്കടലും അത്ഭുതവിളക്കും എന്ന നാടകം സിനിമ ആയപ്പോള്‍ ദിലീപ് ചേട്ടന്‍ ചെയ്തു,’ രമേശ് പിഷാരടി പറയുന്നു.

ഇതിനെ കുറിച്ച് ബെന്നി പി. നായരമ്പലം സംസാരിച്ചു. ചാന്തുപൊട്ടില്‍ ലാല്‍ ചെയ്ത കഥാപാത്രം നാടകത്തില്‍ ചെയ്തത് രാജന്‍ പി. ദേവ് ആയിരുന്നെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞു. തന്റെ കഥാപാത്രത്തിന്റെ വിഷയമായിരുന്നു സിനിമയുടെ കാതലായ വിഷയമെന്നും എന്നാല്‍ കൂടുതല്‍ പെര്‍ഫോമന്‍സ് വേണ്ടിയിരുന്നത് രാജന്‍ പി. ദേവ് ചെയ്ത കഥാപാത്രത്തിന് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആ സബ്ജക്ട് സിനിമയായപ്പോള്‍ ഡിമാന്‍ഡ് ചെയ്തത് ദിലീപിനെ പോലെ ഉള്ളൊരാളെ ആയിരുന്നു. ആ കഥാപാത്രത്തിന്റെ വിഷയമായിരുന്നു ആ സിനിമയുടെ കാതലായ വിഷയം. ചാന്ത്പൊട്ട് എന്ന സിനിമയില്‍ ലാല്‍ ചെയ്ത കഥാപാത്രം നാടകത്തില്‍ രാജേട്ടന്‍ (രാജന്‍ പി. ദേവ്) ആണ് ചെയ്തത്.

നാടകത്തില്‍ കൂടുതലും രാജേട്ടനിലൂടെയായിരുന്നു കഥ പോയിക്കൊണ്ടിരുന്നത്. കേന്ദ്ര കഥാപാത്രം ഞാന്‍ ആയിരുന്നെങ്കിലും കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ ഉണ്ടായിരുന്നത് രാജേട്ടന്‍ ചെയ്ത കഥാപാത്രത്തിനായിരുന്നു.

ആളുകള്‍ നാടകം കാണാന്‍ വന്നതും അത് ബുക്ക് ചെയ്തതുമെല്ലാം രാജേട്ടന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ്. എന്റെ കഥാപാത്രം ചുരുക്കത്തില്‍ അങ്ങനെ പോകുകയായിരുന്നെങ്കിലും പ്രധാന വിഷയം അതായിരുന്നു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Ramesh Pisharody Says Banny P Nayarambalam Played Dileep’s  Character from Chanthupottu Movie In Drama