| Tuesday, 16th February 2021, 9:25 pm

കോണ്‍ഗ്രസ് ജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യം, ധര്‍മ്മജന്‍ മത്സരിച്ചാല്‍ വിജയിപ്പിക്കും; കോണ്‍ഗ്രസ് വേദിയില്‍ രമേഷ് പിഷാരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന വേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരത്തിനില്ല. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന് ആവശ്യമാണ്’, പിഷാരടി പറഞ്ഞു.

ഹരിപ്പാട് നടന്ന ഐശ്വര്യകേരള യാത്രയിലാണ് പിഷാരടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നടന്‍ ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തിയിരുന്നു.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറ്റൊരു താരമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധര്‍മ്മജനെ കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്ന ഒരു സീറ്റ്. മറ്റ് ചില സീറ്റുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധര്‍മ്മജന്‍ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്.

നിലവില്‍ മുസ്ലിം ലീഗാണ് ബാലുശ്ശേരിയില്‍ മത്സരിക്കുന്നത്. ഇത് കോണ്‍ഗ്രസ് ഏറ്റെടുത്ത് ധര്‍മ്മജനെ മല്‍സരിപ്പിക്കാനാണ് ആലോചന. പതിറ്റാണ്ടുകളായി എല്‍.ഡി.എഫ് മണ്ഡലമാണ് ബാലുശ്ശേരി.

കഴിഞ്ഞ തവണ സി.പി.ഐ.എമ്മിലെ പുരുഷന്‍ കടലുണ്ടി 15,000 ത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Ramesh Pisharadi Response After Joining Congress

We use cookies to give you the best possible experience. Learn more