| Tuesday, 26th September 2023, 8:57 pm

'എങ്ങനെ നിന്ന നടനാണ്' എന്ന എക്സ്പ്രഷനിട്ടാണ് അന്ന് എല്ലാവരും ചാക്കോച്ചനെ നോക്കിയത്: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നിന്നും വിട്ടുനിന്ന സമയത്ത് കുഞ്ചാക്കോ ബോബനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് രമേഷ്   പിഷാരടി. സിനിമ ചെയ്യാത്ത സമയത്ത് കുഞ്ചാക്കോ ബോബന്‍ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ വന്നെന്നും അന്ന് സ്റ്റുഡിയോയിലുണ്ടായിരുന്ന മനുഷ്യര്‍ അദ്ദേഹത്തെ സഹതാപത്തോടെയാണ് നോക്കിയതെന്നും രമേഷ് പിഷാരടി പറഞ്ഞു. ചാവേറിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമകള്‍ തീരെ ചെയ്യാത്ത സമയത്ത് ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍ ചാക്കോച്ചന്‍ വന്ന് നില്‍ക്കുമ്പോള്‍ അവിടെ നില്‍ക്കുന്നവര്‍ ചാക്കോച്ചനെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എങ്ങനെ നിന്ന നടനാണ് എന്നൊരു എക്‌സ്പ്രഷനാണ് എല്ലാവരും ഇട്ടോണ്ടിരിക്കുന്നത്.

അത്തരം ഒരു അവസ്ഥയില്‍ എത്ര അഭിനയം പഠിച്ച നടന്റെ മുഖത്താണെങ്കിലും ചെറിയൊരു ദുഖം ഏതെങ്കിലും ഒരു സൈഡില്‍ കിടപ്പുണ്ടാവും. പക്ഷേ അപ്പോഴും ചാക്കോച്ചനില്‍ അതൊന്നും കണ്ടില്ല. കാരണം ഉണ്ടായിരുന്ന സിനിമകള്‍, ഇല്ലാതായ സിനിമകള്‍, തിരിച്ചുവന്ന സിനിമാ ജീവിതം ഇതെല്ലാം സ്വന്തം കുടുംബത്തില്‍ വ്യക്തമായി കണ്ട് മനസിലാക്കി വന്നിട്ടുള്ള ഒരാളാണ് ചാക്കോച്ചന്‍. അതുകൊണ്ട് തന്നെ സിനിമയെ ആഴത്തില്‍ സ്‌നേഹിക്കുന്ന ഒരാളാണ്.

അദ്ദേഹത്തെ പോലെ ഒരാളുടെ വലിയ മാറ്റത്തിന് തുടക്കം കുറിച്ച രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമയിലൊക്കെ എത്രയോ ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആന്റണിയും അര്‍ജുന്‍ അശോകനുമൊക്കെ അഭിനയിക്കുന്ന സിനിമയാണ് ഇനി വരുന്ന ചാവേര്‍. അവരുടെ പ്രയത്‌നം വിജയത്തിലേക്ക് എത്തട്ടെ,’ രമേഷ് പിഷാരടി പറഞ്ഞു.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേറിന് ജോയ് മാത്യുവാണ് തിരക്കഥയെഴുതുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിക്കുന്നത്.

Content Highlight: Ramesh Pisharadi is sharing his experience of seeing Kunchacko Boban 

We use cookies to give you the best possible experience. Learn more