| Tuesday, 12th December 2023, 10:52 pm

പറയണമെന്ന് തോന്നുമ്പോള്‍ പറഞ്ഞോളാം; ബി.ജെ.പിക്കെതിരെ നിശബ്ദത പാലിക്കുന്നുവെന്ന വിമര്‍ശനത്തില്‍ രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനുമടക്കമുള്ള നേതാക്കള്‍ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളന വേദിയില്‍ നടന്‍ രമേഷ് പിഷാരടി നടത്തിയ ട്രോള്‍ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇടതുപക്ഷത്തിനെതിരെ പരിഹാസ രൂപേണയുള്ള പ്രസംഗം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എം.എല്‍.എയും രാഹുല്‍ മാങ്കൂട്ടത്തിലുമടക്കമുള്ളവര്‍ ഈ പ്രസംഗം പങ്കുവെച്ചിരുന്നു.

പിന്നാലെ ഇടുപക്ഷത്തെ വിമര്‍ശിക്കുന്ന രമേശ് പിഷാരടി ബി.ജെ.പിക്കെതിരെ ഒന്നും സംസാരിക്കില്ലെന്ന വിമര്‍ശനങ്ങളും ഉര്‍ന്നിരുന്നു. ഈ വിമര്‍ശനത്തില്‍ പ്രതികരിക്കുകയാണ് രമേഷ് പിഷാരടി. ആ സമയം നടന്ന ഭാരത് ജോഡോ യാത്രക്കെതിരെ ഇടതുപക്ഷം വലിയ വിമര്‍ശനം ഉന്നയിച്ചതിനാലാണ് അവര്‍ക്കെതിരെ സംസാരിച്ചതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ബി.ജെ.പിയെ പറ്റി പറയണമെന്ന് തോന്നുമ്പോള്‍ താന്‍ പറഞ്ഞോളാമെന്നും രമേഷ് പിഷാരടി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഭാരത് ജോഡോ യാത്രയില്‍ നടന്നപ്പോള്‍ വലിയൊരു സംഘം ആളുകള്‍, കേരളത്തില്‍ ബി.ജെ.പി ഇല്ലല്ലോ, പിന്നെ എന്തിനാണ് കേരളത്തില്‍ കൂടി നടക്കുന്നത്, വടക്കേന്ത്യയില്‍ കൂടി നടക്കൂ എന്ന് എന്നോട് പറഞ്ഞു. അഞ്ച് വര്‍ഷത്തെ അല്ലെങ്കില്‍ പത്ത് വര്‍ഷത്തെ ടോട്ടല്‍ സംഭവങ്ങള്‍ പറയണം എന്നുള്ള ഉദ്ദേശത്തില്‍ അല്ല ആ വേദിയില്‍ ഞാന്‍ പ്രസംഗിച്ചത്.

ആ ചടങ്ങിന്‌റെ പോസ്റ്ററില്‍ പോലും പടമുള്ള ആളല്ല ഞാന്‍. രണ്ട് ദിവസം മുന്നേയാണ് എന്നെ ക്ഷണിക്കുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ട പരിപാടിയായിരുന്നു. അദ്ദേഹം വന്നില്ല. ഷാഫി പറമ്പിലൊക്കെ പെട്ടെന്ന് വിളിച്ചപ്പോള്‍ അങ്ങ് പോയതാണ്. ഞാന്‍ ഇത് പ്ലാന്‍ ചെയ്ത് സ്‌ക്രിപ്റ്റ് ഉണ്ടാക്കി പറയുന്നതല്ല.

ജോഡോ യാത്രക്കെതിരെ ഇതുപോലെ ഒരു ചോദ്യം വന്ന സ്ഥിതിക്ക് ബി.ജെ.പിയെ പറ്റി ഞാന്‍ പറയേണ്ടപ്പോള്‍ പറഞ്ഞേക്കാം, പറയണമെന്ന് തോന്നുമ്പോള്‍ പറഞ്ഞോളാമെന്ന് വിചാരിച്ചു. അന്ന് ആകെ 18 മിനിട്ടേ രാഷ്ട്രീയം പറഞ്ഞിട്ടുള്ളൂ.

ജോഡോ യാത്രയെ പറ്റി ബേക്കറി യാത്ര, തീറ്റ യാത്ര എന്നൊക്കെ പറയുന്ന സമയത്ത് ഒരു ചെറിയ പിന്തുണ പോലും ലഭിക്കാത്തത് എന്താണെന്ന് ഞാന്‍ ആലോചിച്ചു. പ്രത്യക്ഷത്തില്‍ ആ യാത്രക്ക് ഇടതുവിരുദ്ധതയില്ല. ഇടതുപക്ഷത്തിനെതിരെ അല്ലാഞ്ഞിട്ടും അവര്‍ ജോഡോ യാത്രയെ വിമര്‍ശിക്കുന്നു. അത്രയും വലിയ മൂവ്‌മെന്റ് നടക്കുമ്പോള്‍ അതിനെ പരിഹസിക്കുകയാണ്, അതില്‍ പങ്കെടുത്ത എന്നേയും പരിഹസിക്കുകയാണ്,’ രമേഷ് പിഷാരടി പറഞ്ഞു.

Content Highlight: Ramesh Pisharadi is responding to the criticism of keeping silent against the BJP

We use cookies to give you the best possible experience. Learn more