മമ്മൂട്ടിയുടെ കൂടെ പല പരിപാടികളിലും രമേശ് പിഷാരടി കൂടെ ഉണ്ടാവാറുണ്ട്. ഇവരുടെ ഒരുമിച്ചുള്ള വരവിന് പല ട്രോളുകളും വന്നിരുന്നു. മമ്മൂക്കയുമായുള്ള സൗഹൃദത്തെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് രമേശ് പിഷാരടി. താനും മമ്മൂട്ടിയുമായുള്ള ബന്ധത്തിന്റെ സൗഹൃദമെന്ന് വിളിക്കാൻ ഇഷ്ടപെടുന്നില്ലെന്നും അദ്ദേഹത്തോട് ബഹുമാനമാണെന്നും പിഷാരടി പറഞ്ഞു.
‘അതിന് സൗഹൃദം എന്ന പേരിട്ട് വിളിക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. സൗഹൃദം എന്ന് പറഞ്ഞാൽ തോളിൽ കയ്യിടുകയും ഒക്കെ ചെയ്യണം. എനിക്ക് അദ്ദേഹത്തോടുള്ളത് സ്നേഹവും ബഹുമാനവും ആണ്. ഒരുപക്ഷേ അദ്ദേഹത്തിന് എന്നോട് ഉണ്ടാവുക സ്നേഹവും പരിഗണനയും ആണ്. അദ്ദേഹമെന്നെ അല്പം കൂടി പരിഗണിക്കുന്നു. അടുത്തേക്കുള്ള മാർജിൻ കുറച്ചു കൂടി അടുത്തേക്ക് നീട്ടി വരയ്ക്കുന്നു എന്നാണ് എനിക്ക് തോന്നിയത്. ചില ട്രോളുകൾ എനിക്ക് ആരെങ്കിലും അയച്ചുതരും. ചിലതെല്ലാം ഞാൻ കണ്ടിട്ടുമുണ്ട്. അതിനെ സന്തോഷത്തോടെ സ്വീകരിക്കും. കാരണം എന്താണെന്ന് വെച്ചാൽ ഞാനൊരു അനുഭവം പറയാം.
കുറേ കാലം മുൻപ് തിരുവനന്തപുരത്തുള്ള ഗ്രൂപ്പിൽ ഞാൻ മിമിക്സ് കളിക്കുമ്പോൾ അവിടെയുള്ള ഒരു ആർട്ടിസ്റ്റ് എന്നെ വിളിച്ചു പറഞ്ഞു, അയാളുടെ നാട്ടിലെ അമ്പലത്തിൽ ഒരു പരിപാടിയുണ്ട് എന്ന്. എറണാകുളത്തുള്ള നാലഞ്ച് പേരെ അങ്ങോട്ട് കൊണ്ടുവരണമെന്ന് പറഞ്ഞു.
ഞാൻ നാലഞ്ചു പേരെ കൊണ്ടുപോയി അവിടെയുള്ള ഒരു ഗൾഫുകാരനാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത്. ഞങ്ങൾ അവിടെ ചെന്നു.
ആ ഗൾഫുകാരന്റെ ഒരു മാരുതി 800 കാറിൽ കൊണ്ട് പോയി. പ്രോഗ്രാമിന് എന്നെ വിളിച്ച ആൾ മുൻസീറ്റിലും ഞങ്ങൾ നാല് പേര് പുറകിലും ഇരുന്ന് ഉത്സവ സ്ഥലത്തെത്തി.
ഒരു 11മണിക്ക് പരിപാടി തുടങ്ങി 12 ഒരു മണിക്ക് പരിപാടി തീരുന്നു. പരിപാടി തീരുമ്പോഴേക്കും ഇവർക്ക് അവിടുന്ന് ഒരു കൂട്ടുകാരനും കൂടി ഉത്സവപ്പറമ്പിൽ നിന്ന് കിട്ടി. അപ്പോൾ കാറിൽ നിന്നും ഒരാൾ പുറത്ത് നിൽക്കണം. സ്പോൺസർ കാർ ഓടിക്കുന്നു.
പരിപാടിക്ക് എന്നെ വിളിച്ചവൻ ഫ്രണ്ടിൽ ഉണ്ട്, എന്നെക്കാൾ താരമൂല്യമുള്ള വരും ഇവർക്ക് വേണ്ടപ്പെട്ടവരുമായ മൂന്ന് പേര് ഈ കൂട്ടുകാരനെയും കൂട്ടി കാറ് സ്റ്റാർട്ട് ചെയ്യുമ്പോൾ എന്നോട് പറഞ്ഞു. അവരെ ജംഗ്ഷൻ ഇവരെ അവിടെ കൊണ്ടാക്കിയിട്ട് തിരിച്ചു വരാം എന്ന് പറഞ്ഞു പോയി. അപ്പോൾ ഒന്നര മണിയായിട്ടുണ്ട് അത് കഴിഞ്ഞിട്ട് എന്നെ കൊണ്ടാക്കാം എന്ന് പറഞ്ഞ് കാർ പോയി.
ഒന്നര തൊട്ട് ഒരു മൂന്നു മൂന്നര വരെ ഞാൻ അമ്പലപ്പറമ്പിൽ അവർ വരുമെന്ന് കരുതി നിൽക്കുകയാണ്. മൂന്നര നാലു മണി ആയപ്പോൾ ഉറക്കം സഹിക്കാൻ വയ്യാതെ ഞാൻ അവിടെ അവർക്ക് കാണാൻ കഴിയുന്ന രീതിയിൽ ഒരു സ്ഥലത്ത് കിടന്നുറങ്ങി. രാവിലെ 8:30 മണിയായി എണീറ്റു. ബസ്സ് കയറി തിരുവനന്തപുരത്ത് വന്നു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് ബസ് കേറുമ്പോൾ സീറ്റ് ഒന്നുമില്ല. ഞാൻ നിന്ന് ഉറങ്ങി.
അപ്പോഴും നമ്മുടെയൊക്കെ ആഗ്രഹം സിനിമയിൽ എന്തെങ്കിലും ആവണം , സിനിമക്കാരെ പരിചയപ്പെടണം എന്നൊക്കെയാണല്ലോ. ആ എനിക്ക് എറണാകുളത്തുള്ള സ്റ്റാർ ഹോട്ടലിൽ എല്ലാ സിനിമാതാരങ്ങളും ഉള്ള അമ്മയുടെ മീറ്റിങ്ങിന് മമ്മൂക്കയുടെ കാറിൽ പോകാൻ ഒരു അവസരം കിട്ടുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം എനിക്ക് ഉണ്ടാകുന്ന അഭിമാനം ഇവർ വാക്കാൽ പറയുന്ന ഏതൊരു കാര്യത്തിനും അപ്പുറമാണ്,’ പിഷാരടി പറഞ്ഞു.
Content Highlight: Ramesh pisharadi about Mammootty