| Saturday, 16th April 2022, 9:36 am

വലിയ സംവിധായകനും നല്ല സിനിമയും വരണമായിരുന്നു, ചെറിയ സിനിമകളാണ് അന്ന് വന്നത്; ഇടവേളയെ പറ്റി രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും സംവിധായകനായും കൊമേഡിയനായും അവതാരകനായും പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് രമേഷ് പിഷാരടി. 2007ല്‍ പുറത്തിറങ്ങിയ ‘നസ്രാണി’ എന്ന ചിത്രത്തിലുടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2018ല്‍ ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായ പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ പിഷാരടി സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ എന്ന ചിത്രവും താരം സംവിധാനം ചെയ്തിട്ടുണ്ട്.

2009 ല്‍ കപ്പല് മുതലാളി എന്ന് ചിത്രത്തിലെ നായക വേഷത്തിന് ശേഷം പിന്നീട് റിലീസായ സിനിമകളിലൊന്നും നായകനായി അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി.

”നായകന്റെ വേഷത്തില്‍ നിന്നും മാറി നില്‍ക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. കുറച്ച് ഇടവേള ഞാനും, കുറച്ച് ഇടവേള നിര്‍മാതാക്കളും എടുത്തു. രണ്ടും കൂടിയായപ്പോള്‍ വലിയ ഇടവേളയായതാണ്. ആ സിനിമ വന്ന സമയത്ത് ഇപ്പോള്‍ വരുന്നത് പോലെ പുതിയ സിനിമകള്‍ വരാന്‍ അന്ന് സാമൂഹ്യ മാധ്യമങ്ങളോ, ഇത് കണ്ട് അഭിപ്രായങ്ങള്‍ പറയാനോ വേറെ ചുറ്റുപാടുകളില്ലായിരുന്നു.

പിന്നീട് പല സിനിമകളിലും ഹീറോയായിട്ട് എന്നെ വിളിച്ചിരുന്നെങ്കിലും എന്നെ സംബന്ധിച്ചെടുത്തോളം ഞാന്‍ അന്ന് വേറെ ഒരു ബസ്സില്‍ കയറി കുറേ ദൂരം എത്തിയിട്ടുണ്ടായിരുന്നു. സ്റ്റേജ്, ടി.വി എന്നൊക്കെ പറയുന്ന ഒരു ഏരിയയില്‍ കുറേ ദൂരം എത്തി അതില്‍ നിന്നും സധൈര്യം ഇറങ്ങി വേറൊരു ഉറപ്പില്ലാത്ത ബസിലേക്ക് കയറാന്‍ അന്ന് എനിക്ക് ധൈര്യമില്ലായിരുന്നു.

ഒന്നുകില്‍ എന്നെ വച്ച് ചെയ്യിച്ചെടുക്കാന്‍ പറ്റുന്ന ഒരു വലിയ സംവിധായകനും വലിയ ഒരു കമ്പനിയുടെ നല്ല പടവും വരണം. പല ചെറിയ പടങ്ങളും എനിക്ക് വന്നിരുന്നു. ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ അത്രയും ദിവസങ്ങള്‍ മാറ്റി വച്ചാല്‍ എനിക്ക് അന്ന് സ്റ്റേജില്‍ നിന്നും ടി.വിയില്‍ നിന്നുമൊക്കെ കിട്ടുന്ന വരുമാനം ഇല്ലാതെ ആ സിനിമയ്ക്ക് വേണ്ടി നില്‍ക്കണം. അത് വീണ്ടും ആരും കാണാത്ത അവസ്ഥയുണ്ടായാല്‍ ഞാന്‍ വലിയ ദുരവസ്ഥയിലോട്ട് പോവും. അങ്ങനെയൊക്ക ആലോചിച്ചിരുന്നു,” രമേഷ് പിഷാരടി പറഞ്ഞു.

”പക്ഷേ നോ വേ ഔട്ട് എന്ന ഈ സിനിമ വന്നപ്പോള്‍, ഇതിലെ കഥയും കഥയുടെ വിവരണവും സംവിധായകന്റെ കാഴ്ചപ്പാടുമൊക്കെ കണ്ടപ്പോള്‍ ഇതിന് ഞാന്‍ നല്ല ഫിറ്റാണ്, ഓക്കെയാണെന്നും തോന്നി. ഈ സിനിമയില്‍ അവന്‍ എന്നെ കാസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല എന്ന ബോധ്യമുള്ളത് കൊണ്ടുമാണ് ഈ സിനിമ ചെയ്തത്,” രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

നിധിന്‍ ദേവീദാസാണ് നോ വേ ഔട്ട് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. റിമോ എന്റെര്‍ടേയ്ന്‍മന്റ്സിന്റെ ബാനറില്‍ എം.എസ് റിമോഷാണ് ചിത്രം നിര്‍മിക്കുന്നത്. ബേസില്‍ ജോസഫ്, രവീണ നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും.

Content Highlight: ramesh pasharody about his break as a hero in a movies after kappalu muthalali

We use cookies to give you the best possible experience. Learn more