എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ഇപ്പോൾ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രമേശ് നാരായണൻ. താൻ ആസിഫ് അലിയെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് രമേശ് നാരായണൻ പറയുന്നു. സൈബർ ആക്രമണത്തിൽ പ്രയാസമുണ്ടെന്നും അദ്ദേഹം ദി ഫോർത്ത് ന്യൂസിനോട് പറഞ്ഞു.
‘എം.ടിയുമായി ദീർഘ നാളായി പരിചയമുണ്ട്. എം.ടിയുടെ മകൾ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് പരിപാടിക്ക് പോയത്. ട്രെയ്ലർ ലോഞ്ചിന് ശേഷം ചിത്രവുമായി സഹകരിച്ച എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ച് മൊമെന്റോ നൽകിയപ്പോഴൊന്നും എന്നെ വിളിച്ചില്ല. അതിൽ ചെറിയ വിഷമം തോന്നി.
കാരണം ആന്തോളജിയിൽ ജയരാജിന്റെ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഞാനാണ്. അദ്ദേഹം പോലും വേദിയിലേക്ക് ക്ഷണിക്കാത്തത് ചെറിയ വേദനയുണ്ടാക്കി. തിരുവനന്തപുരത്തേക്ക് വരേണ്ടതിനാൽ യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് ക്ഷണം ലഭിക്കാത്തത്തിന്റെ വിഷമം അശ്വതിയെ അറിയിച്ചത്.
പിന്നാലെ അശ്വതി ക്ഷമ പറയുകയും പെട്ടെന്ന് തന്നെ എനിക്ക് മൊമന്റോ തരാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. എന്നാൽ അപ്പോൾ സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമെന്റോ എന്റെ കയ്യിൽ ഏല്പിച്ച് പോയി. ആസിഫ് എനിക്കണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമാക്കുന്നതിനു മുമ്പ്, മൊമെന്റോ എന്നെ ഏൽപ്പിച്ച് ആസിഫ് ആശംസ പറയാതെ പോയി. തുടർന്നാണ് ജയരാജിനെ വിളിക്കുന്നത്.
ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവം ആണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല,’രമേശ് നാരായണൻ പറയുന്നു.
Content Highlight: Ramesh Narayan’s justification About Asif Ali Issue