കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനമെന്ന് കേരളാ കൗമുദി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എയും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും പറഞ്ഞിരുന്നു.
വയനാട്ടില്‍ രാഹുലിന് മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയോജകമണ്ഡലങ്ങളില്‍ നിന്ന് രാഹുലിന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷവും മലപ്പുറം ജില്ലയുടെ ഭാഗമായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നര ലക്ഷത്തിന് മുകളിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, അഞ്ചു ദിവസത്തെ തെരഞ്ഞെടുപ്പു പര്യടനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ആര്‍.എസ്.എസ് തങ്ങളെ എതിര്‍ക്കുന്ന ശബ്ദങ്ങളെ തകര്‍ക്കുകയാണെന്നും അഹിംസയിലൂടെ കോണ്‍ഗ്രസ് ഇതിനെ നേരിടുമെന്നും പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.
കേരളത്തില്‍ മല്‍സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഉച്ചയ്ക്ക് പാലായിലെത്തി കെ.എം മാണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. വയനാട്ടിലും പാലക്കാട്ടുമാണു നാളെത്തെ പ്രചാരണ പരിപാടികള്‍.