| Thursday, 4th April 2019, 7:58 am

എം.കെ രാഘവനെതിരെ കോഴ ആരോപണം: പിന്നില്‍ സി.പി.ഐ.എമ്മെന്ന് മുല്ലപ്പള്ളി; അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിറ്റിംഗ് എം.പിയും കോഴിക്കോട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവനെതിരെയുള്ള കോഴ ആരോപണത്തിനു പിന്നില്‍ സി.പി.ഐ.എമ്മും സര്‍ക്കാരുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാഘവനെതിരെയുള്ള ആരോപണം കേട്ടിച്ചമച്ചതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. “ആരോപണത്തിനു പിന്നില്‍ സി.പി.ഐ.എം ആണെന്ന് ഞങ്ങള്‍ സംശയിക്കുന്നു. അതുകൊണ്ട് ഈ കേസ് സര്‍ക്കാര്‍ അന്വേഷിക്കട്ടെ. കേസ് അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. കോഴിക്കോട്ടെ പ്രബുദ്ധരായ ജനങ്ങളെ കപളിപ്പിക്കാമെന്ന് സി.പി.ഐ.എം കരുതേണ്ട. പാര്‍ട്ടി ഒറ്റക്കെട്ടായി രാഘവനൊപ്പം ഉണ്ടാകും”- ചെന്നിത്തല പറഞ്ഞു.


സി.പി.ഐ.എം തന്നെയാണ് കോഴ ആരോപണത്തിനു പിന്നിലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ചാനലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, ഹോട്ടല്‍ ബിസിനസ് ആരംഭിക്കുന്നതിന് താന്‍ കോഴ ആവശ്യപ്പെട്ടെന്ന ചാനല്‍ 9 ന്റെ സ്റ്റിംങ് ഓപ്പറേഷന്‍ വിഡിയോ കെട്ടിചമച്ചതാണെന്ന് എം.കെ രാഘവന്‍ പറഞ്ഞിരുന്നു.

തനിക്കെതിരെ നിരന്തരം നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണ് ഈ വീഡിയോയെന്നും തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എം.കെ രാഘവന്‍ വ്യക്തമാക്കിയിരുന്നു.

വീഡിയോ കെട്ടിച്ചമച്ചതും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും എല്ലാവര്‍ക്കും മനസിലാവുന്നതാണ്. എന്റെ വീട്ടില്‍ ധാരാളം ആളുകള്‍ വരാറുണ്ട്. രണ്ട് സുഹൃത്തുക്കള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ വരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഡബ്ബ് ചെയ്തെന്നും സോഷ്യല്‍ മീഡിയ അടക്കം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍.


കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്നു.

ടി.വി9ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍ട്ടെന്‍സി കമ്പനി ഉടമകളായാണ് എം.കെ രാഘവനെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more