കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചിലവുകള്‍ ഏറ്റെടുത്ത് ചെന്നിത്തലയുടെ മകനും മരുമകളും
political killing in kasargod
കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചിലവുകള്‍ ഏറ്റെടുത്ത് ചെന്നിത്തലയുടെ മകനും മരുമകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th February 2019, 5:33 pm

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. കാസര്‍ഗോഡ് ഡി.സി.സി നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവ് തന്റെ മകനും മരുമകളും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി തിരുവനന്തപുരം, ഹരിപ്പാട് എന്നിവിടങ്ങളില്‍ വച്ചു നടത്താന്‍ ഇരുന്ന മകന്റെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ വേണ്ടന്ന് വച്ചെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തും ശ്രീജയും വിവാഹിതരായത്. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് ഡോക്ടര്‍മാരായ ദമ്പതികള്‍ അറിയിക്കുകയായിരുന്നു.രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.

Also Read:  പുല്‍വാമ: പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് തെളിവില്ലാതെ; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ.പി.സി.സി 25 ലക്ഷം വീതം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഒരു ലക്ഷം രൂപ അടിയന്തരസഹായമായി നല്‍കും. മാര്‍ച്ച് രണ്ടിന് യു.ഡി.എഫ് നേതാക്കള്‍ കാസര്‍കോട്ടെത്തി ധനസമാഹരണം നടത്തും. ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

കൃപേഷിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞിരുന്നു.

ഞായറാഴ്ച രാത്രിയിലാണ് പെരിയയില്‍ കൃപേഷ്, ഭരത് ലാല്‍ എന്നി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്. എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.