തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബിജു രമേശിനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചു.
തനിക്കെതിരായ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയതിന്റെ തലേദിവസം രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഭാര്യയും തന്നെ വിളിച്ചിരുന്നതായി ബിജു രമേശ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു.
164 പ്രകാരം മൊഴി നല്‍കുന്നതിന് തലേദിവസം മുതല്‍ എനിക്ക് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതില്‍ രാവിലെ ചെന്നിത്തലയുടെ ഗണ്‍മാനാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചുവെന്നും എന്നിട്ട് ചെന്നിത്തലയുടെ ഭാര്യയ്ക്ക് ഫോണ്‍ കൊടുത്ത ശേഷം താനുമായി ഫോണില്‍ സംസാരിച്ചുവെന്നുമാണ് ബിജു രമേശ് പറഞ്ഞത്.
ചെന്നിത്തലയുടെ ഭാര്യ തന്നെ വിളിച്ച് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതായും ബിജു രമേശ് പറഞ്ഞു.
ഭാര്യ വിളിച്ച് കഴിഞ്ഞതിന് ശേഷം പകല്‍ 11.30 ആയപ്പോള്‍ ചെന്നിത്തല തന്നെ നേരിട്ട് വിളിച്ചു. ഉപദ്രവിക്കരുതെന്നും അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നതല്ലേ എന്ന് ചെന്നിത്തല തന്നോട് പറഞ്ഞതായും ബിജു രമേശ് പറഞ്ഞു.
കാലുപിടിച്ച് സംസാരിക്കുന്നത് പോലെ പറയുന്നതുകൊണ്ടാണ് രഹസ്യമൊഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
ബിജു രമേശ് മുഖ്യന്ത്രിക്കെതിരെയും ബാര്‍ കോഴക്കേസില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കെ. എം മാണി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബാര്‍ കോഴക്കേസില്‍ അന്വേഷണം നിര്‍ത്തിവെച്ചതെന്നും ബിജു രമേശ് ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ramesh Chennithala will file a defamation case against Biju Ramesh