തിരുവനന്തപുരം: സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട തന്റെ നേരത്തെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഉന്നയിച്ച ആരോപണം നേരത്തെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താാന്‍ ഉന്നയിച്ച വസ്തുതകളെ ശരിവെക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് വര്‍ഷം മുമ്പ് സ്പ്രിങ്ക്‌ളര്‍ ഇടപാടിനെക്കുറിച്ചും അതിലെ ക്രമക്കേടിനെയും അഴിമതിയെയും കുറിച്ചും ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിലുള്ള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള ആരോപണം അതീവ ഗൗരവമുള്ളതാണ്.
ഉന്നയിച്ച ആരോപണങ്ങളില്‍ ഉത്തമബോധ്യമുള്ളത് കൊണ്ടാണ് അന്ന് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് സര്‍ക്കാര്‍ നല്‍കിയ മറുപടി, സ്പ്രിങ്ക്‌ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നായിരുന്നു. ഈ സാഹചര്യത്തില്‍ കോടതി പോലും നിസ്സഹായരായി. കരാറിനെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനുള്ള ധൈര്യവും സര്‍ക്കാരിനുണ്ടായില്ല. കരാര്‍ ഒപ്പിടും മുന്‍പ് നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും വേണം. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തണം.
എന്നാല്‍ മന്ത്രിസഭ പോലും അറിയാതെ, എല്‍.ഡി.എഫ് അറിയാതെ, നിയമ വകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിക്കാതെ, ആരോഗ്യവകുപ്പ് സെക്രട്ടറി അറിയാതെ, വഞ്ചനാക്കേസില്‍ പ്രതിയായ സ്പ്രിങ്ക്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമല്ല, മറിച്ച് അഴിമതി നടത്തുകയായിരുന്നു സ്പ്രിങ്ക്‌ളറിന്റെ ലക്ഷ്യം എന്ന് പണ്ടേ വ്യക്തമായതാണെന്ന് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഡാറ്റ കച്ചവടം നടന്നു എന്ന് ശരിവെച്ചതാണ്. പക്ഷേ, മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി നല്‍കിയ ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തിയ കെ ശശിധരന്‍ നായര്‍ കമ്മിറ്റി മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും വെള്ളപൂശി. ആ റിപ്പോര്‍ട്ടില്‍ ശിവശങ്കര്‍ കുറ്റക്കാരനല്ലെന്ന് ചേര്‍ത്തത് വിചിത്രവും കൗതുകകരവുമായിരുന്നു. എന്നാല്‍ ശിവശങ്കറിലും ഒതുങ്ങുന്നതല്ല കരാര്‍ എന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വില്‍ക്കാന്‍ ഇറങ്ങിയ മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. അല്‍പ്പമെങ്കിലും ലജ്ജ തോന്നുന്നുവെങ്കില്‍, മാന്യത അവശേഷിക്കുന്നുവെങ്കില്‍ ആ സ്ഥാനത്ത് നിന്നുമിറങ്ങി അന്വേഷണത്തെ നേരിടാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: Ramesh Chennithala Went back with the sprinkler against Pinarayi Vijayan Government