| Sunday, 4th August 2019, 3:13 pm

'ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യണം; വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ പരിശോധിക്കണം'; മുഖ്യമന്ത്രിയോട് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെ സര്‍ക്കാര്‍ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ചു വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള ഇയാളുടെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍വീസ് നിയമം അനുസരിച്ചു ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ പരിക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടണം.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഉടന്‍ നിയോഗിക്കണം. ശ്രീറാമിനെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റണം.’- ചെന്നിത്തല ആവശ്യപ്പെട്ടു.

ശ്രീറാമിനെ രക്തപരിശോധനയ്ക്കു വിധേയനാക്കാതെയും കൂടെയുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് നടത്തിയ ശ്രമങ്ങളെക്കുറിച്ചും വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യത്തെക്കുറിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായേ തീരൂ.

പേരിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ആശുപത്രിയില്‍ ജാമ്യം കിട്ടി പുറത്തുചാടാനുള്ള ശ്രീറാമിന്റെ കുത്സിതനീക്കങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും.- അദ്ദേഹം പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ ഇന്ന് ആരോപിച്ചിരുന്നു.

അവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനം ഓടിക്കുന്ന മണ്ടന്മാരാണ്. ഐ.എ.എസുകാര്‍ ദൈവമല്ല, അവര്‍ മനുഷ്യര്‍ തന്നെയാണ്. താനിത് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എ.എസ് ഒരു മത്സരപ്പരീക്ഷ മാത്രമാണ്. ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെയായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്ന ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീറാമിപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more