തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡ് നിരീക്ഷണ സംഘാംഗം അശോക് ഗെ്‌ലോട്ട് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഗെലോട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
ആര്‍.എസ്.എസും ബി.ജെ.പിയും ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ഉപയോഗിക്കുന്നെന്നും അശോക് ഗെലോട്ട് പറഞ്ഞു.
അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളെ അവര്‍ അട്ടിമറിക്കുകയാണ്. ഇപ്പോഴും അവര്‍ അവരുടെ ശ്രമം അവസാനിപ്പിച്ചിട്ടില്ല. ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും അവര്‍ സര്‍ക്കാരുകളെ താഴെയിറക്കാന്‍ ശ്രമിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.
അവര്‍ നടത്തുന്നത് കുതിരക്കച്ചവടമാണ്. കോടികള്‍ വിലപറഞ്ഞ് എം.എല്‍.എമാരെ വിലക്കെടുക്കുകയാണ്. സംസ്ഥാനങ്ങളെ അവര്‍ അസ്ഥിരപ്പെടുത്തുകയാണ്.
നരേന്ദ്രമോദിയുടെ നോട്ട് നിരോധനം നമ്മള്‍ കണ്ടു. ലക്ഷണങ്ങള്‍ ക്യൂവില്‍ നിന്ന് മരിച്ചു. നോട്ട് നിരോധനം കൊണ്ട് എന്ത് പ്രയോജനമാണ് നാടിനുണ്ടായത്. അതുപോലെ തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ട്രല്‍ ബോണ്ടുണ്ടാക്കി കോടികള്‍ ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് എത്തിച്ചു. ഇത് അഴിമതിയാണ്. രാജ്യത്തൊട്ടാകെ നടക്കുന്ന പദ്ധതികള്‍ക്ക് കമ്മീഷന്‍ വാങ്ങി ബി.ജെ.പിക്ക് പണമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഓരോ അഞ്ച് വര്‍ഷവും സര്‍ക്കാരുകള്‍ മാറും. ഒരു തവണ എല്‍.ഡി.എഫ് എങ്കില്‍ അടുത്ത അഞ്ചുവര്‍ഷക്കാലം യു.ഡി.എഫ് ആണ് ഭരിക്കുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ നമ്മുടെ പോരാട്ടം സി.പി.ഐ.എമ്മിനെതിരെയല്ല മറിച്ച് ബി.ജെ.പിക്കും നരേന്ദ്രമോദിക്കും എതിരെയാണ്. സി.പി.ഐ.എമ്മിനെ
കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. എല്‍.ഡി.എഫ് ജയിച്ചാലും കോണ്‍ഗ്രസ് ഇല്ലാതാകുക എന്നതാണ് അവരുടെ മനസിലുള്ളത്. അത് നമ്മള്‍ മറക്കരുത്.
അസാമിലും ബംഗാളിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അവിടെയെല്ലാം കോണ്‍ഗ്രസ് തിരികെ വരാനുള്ള സന്ദര്‍ഭം ഒരുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഇവിടെ വളരെ ബോധപൂര്‍വമായി കോണ്‍ഗ്രസിനകത്ത് പ്രചരണമുണ്ടെന്ന് ചിലര്‍ അഴിച്ചുവിടുന്നു. അത് സി.പി.ഐ.എം മാത്രമല്ല ബി.ജെ.പിയും കൂടിയാണ് അങ്ങനെ ചെയ്യുന്നത്. കോണ്‍ഗ്രസ് തിരികെ വരാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്.
ബംഗാളില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഐക്യമുണ്ട്. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്തെ മൂല്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ തീരുമാനമെടുത്തത്. കേരളത്തില്‍ അതിന് പ്രസക്തിയില്ല. സി.പി.ഐ.എമ്മിനും ബി.ജെ.പിക്കും എതിരായി നമ്മള്‍ പോരാടണം.
നമ്മള്‍ എവിടെ ചെന്നാലും ഏത് ഗ്രാമങ്ങളില്‍ ചെന്നാലും അവിടെ കോണ്‍ഗ്രസുണ്ട്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന മഹാശക്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി നില്‍ക്കണം. ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കണം. യു.ഡി.എഫ് ഗവര്‍ണെന്റിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
ഇന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തെറ്റായ നടപടികള്‍ നടക്കുകയാണെന്നും ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന മെഷീനിലെ കൃത്യമങ്ങള്‍ നമ്മള്‍ കാണുന്നതാണെന്നും ഗെലോട്ട് പറഞ്ഞു.
രാഹുല്‍ ഗാന്ധി നിങ്ങളുടെ പാര്‍ലമെന്റ് അംഗമാണെന്നും നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അതുകൊണ്ട് തന്നെ വര്‍ധിച്ചിരിക്കുന്നെന്നും ഗെലോട്ട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക