| Friday, 3rd September 2021, 8:36 pm

എരിതീയില്‍ എണ്ണ ഒഴിക്കരുതെന്ന് ചെന്നിത്തലയോട് സിദ്ദീഖ്; കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു. നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച രമേശ് ചെന്നിത്തലയുടെ നടപടി എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് പറഞ്ഞു.

മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സംയമനം പാലിക്കുന്നതിനുപകരം ആരും എരിതീയില്‍ എണ്ണയൊഴിക്കരുത്. പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമായിരുന്നു,’ സിദ്ദിഖ് പറഞ്ഞു.

ചെന്നിത്തലയെ പോലൊരാള്‍ ഇത്തരം സംസാരത്തിലേക്ക് വഴുതി വീഴാന്‍ പാടില്ലായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. തന്റെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് നിയമനമല്ല. മലബാര്‍ രാഷ്ട്രീയംകൂടി പരിഗണിച്ച് കേന്ദ്രനേതൃത്വം കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്നായിുന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. കോട്ടയം ഡി.സി.സി അധ്യക്ഷന്റെ സ്ഥാനാരോഹണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷകാലം വലിയ നേട്ടം കൈവരിച്ചെന്നും അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കണമായിരുന്നെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കെ.പി.സി.സി പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും ചെന്നിത്തല വ്യക്തമാക്കി.

ത്യാഗോജ്വലമായ പ്രവര്‍ത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയത്. കെ. കരുണാകരനും കെ. മുരളീധരനും പാര്‍ട്ടിയില്‍ പിന്നീട് തിരിച്ചുവന്നെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസില്‍ അച്ചടക്കത്തിന്റെ കാര്യം പറയുമ്പോള്‍ തനിക്ക് വലിയ സന്തോഷം ഉണ്ട്. പക്ഷേ മുന്‍കാല പ്രാബല്യത്തില്‍ അച്ചടക്ക നടപടികള്‍ എടുത്തിരുന്നെങ്കില്‍ ആരൊക്കെ കോണ്‍ഗ്രസില്‍ ഉണ്ടാകുമായിരുന്നെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവ് എന്ന പ്രയോഗത്തിനെതിരെയും രമേശ് ചെന്നിത്തല രംഗത്ത് എത്തി. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramesh Chennithala T Siddhique Congress Conflict

We use cookies to give you the best possible experience. Learn more