| Thursday, 1st October 2020, 11:56 pm

ലൈഫ് മിഷന്റെ കരാര്‍ ലഭിച്ചതിന് സ്വപ്‌ന പറഞ്ഞിട്ട് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കി; വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷന്‍ ആയി നല്‍കിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.

3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നല്‍കിയതായി സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് നല്‍കാന്‍ അഞ്ച് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ ഹരജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2ന് യു.എ.ഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആണ് ഫോണ്‍ പ്രതിപക്ഷ നേതാവിന് കൈമാറിയത്.

ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.

സ്വപ്‌നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോണ്‍ നല്‍കിയതെന്നും ഇതിന്റെ ബില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി.

സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാര്‍ ലഭിക്കുന്നതിനുള്ള ടെന്‍ഡറില്‍ പങ്കെടുത്തത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത യൂണിടാക് എഫ്.സി.ആര്‍.എ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിയില്‍ സന്തോഷ് ഈപ്പന്‍ പറയുന്നു.

അതേസമയം സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവിന്റ ഓഫീസ് നിഷേധിച്ചു. ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Swapna Suresh I Phone

We use cookies to give you the best possible experience. Learn more