| Friday, 5th February 2021, 8:53 am

'സുധാകരന്‍ ആരേയും അധിക്ഷേപിക്കില്ല, പാര്‍ട്ടിക്ക് അങ്ങനൊരു അഭിപ്രായവുമില്ല'; വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായി എം. പി കെ. സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും സുധാകരന്‍ അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഇന്നലെ പത്ര ലേഖകരുടെ ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ തീരണം. സുധാകരന്‍ എത്രയോ വര്‍ഷമായി രാഷ്ട്രീയത്തിലുള്ള ഒരു നേതാവാണ്. അദ്ദേഹം നല്ല അനുയായി വൃന്തമുള്ള നേതാവാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനൊരു അഭിപ്രായവുമില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെ താന്‍ പറഞ്ഞത് മറ്റൊരു തരത്തില്‍ ചിത്രീകരിച്ചതാണ്. സുധാകരനോട് ഞാന്‍ തന്നെ ഫോണില്‍ സംസാരിച്ച് അദ്ദേഹം തന്നോട് വളരെ വ്യക്തമായി ഇക്കാര്യം പറഞ്ഞതാണ്. സുധാകരന്‍ അങ്ങനെ ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന നേതാവാണെന്ന് ഒരിക്കലും കരുതുന്നില്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയല്ല എന്നും ചെന്നിത്തല പറഞ്ഞു.

സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

എന്നാല്‍ ചെന്നിത്തല വാക്കുമാറ്റിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടന്ന ചര്‍ച്ചയില്‍ സുധാകരന്‍ രംഗത്തെത്തിയിരുന്നു.

തന്റെ പരാമര്‍ശത്തെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നുവെന്നും അപ്പോള്‍ അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞിരുന്നില്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നില്‍ സി.പി.ഐ.എം അല്ലെന്നും തന്റെ പാര്‍ട്ടിയില്‍ തന്നെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇകതിന് പിന്നാലെയാണ് സുധാകരനെ പിന്തുണച്ച് ചെന്നിത്തല രംഗത്തെത്തിയത്.

യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ .സുധാകരന്‍ എം.പി വിവാദ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.

ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് അഭിമാനമാണോ.. അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവനയെ തള്ളി ചെന്നിത്തല രംഗത്തെത്തിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala supports K Sudhakaran MP on a controversial statement against Pinarayi Vijayan

We use cookies to give you the best possible experience. Learn more