| Wednesday, 28th October 2020, 10:07 am

സോണിയ പറഞ്ഞത് കേരളത്തില്‍ ബാധകമല്ല; കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തില്‍ ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുന്നു എന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോപണം കേരളത്തില്‍ ബാധകമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ തലത്തില്‍ സോണിയയുടെ ആരോപണം ശരിയാണെന്നും ചെന്നിത്തല ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്രേരിതമായി പകപോക്കുവാനായി സി.ബി.ഐയെ ഉപയോഗിച്ചപ്പോഴാണ് നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ വേട്ടയാടുക തന്നെയാണ്. അക്കാര്യം സോണിയ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്’, ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കത്തെഴുതിയതുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ വന്നത്. അതിനാല്‍ ഇവിടെ പകപോക്കല്‍ നടക്കുന്നില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു.

നേരത്തെ ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തിലാണ് സോണിയ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞത്.

‘സി.ബി.ഐ, എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ദേശീയ നാര്‍ക്കോട്ടിക്സ് ബ്യൂറോ, പൊലീസ് എന്നിങ്ങനെ എല്ലാ ഏജന്‍സികളും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും താളത്തിനു തുള്ളുകയാണ്’, സോണിയ വ്യക്തമാക്കി.

ഭരണഘടനാപരമായ മാനദണ്ഡങ്ങളും ജനാധിപത്യതത്വങ്ങളും ലംഘിക്കുകയാണ്. പൗരന്മാരുടെ പൊതു താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അധികാരം പ്രയോഗിക്കേണ്ട സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Sonia Gandhi C.B.I

We use cookies to give you the best possible experience. Learn more