മാറാട് കൂട്ടക്കൊല: ചെന്നിത്തല മാപ്പ് പറയണമെന്ന് ബി.ജെ.പി
Kerala
മാറാട് കൂട്ടക്കൊല: ചെന്നിത്തല മാപ്പ് പറയണമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2013, 10:06 am

കോഴിക്കോട്: മാറാട് കൂട്ടക്കൊല സി.ബി.ഐ അന്വേഷിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി നല്‍കിയ ഉറപ്പ് പാലിക്കാത്തതിന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്.[]

കേരളയാത്രയില്‍ മാറാട് കൂട്ടക്കൊല സി.ബി.ഐ അന്വേഷിക്കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2002 ജനുവരിയിലാണ് മാറാട് ഒന്നാം കലാപമുണ്ടായത്. മാറാട് കലാപക്കേസിലെ ഗൂഢാലോചന ഉന്നത ഏജന്‍സി അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ക്കുകയായിരുന്നു.

എന്നാല്‍ അന്ന്  സി.ബി.ഐ അന്വേഷണത്തിന് വേണ്ടി ഉറച്ചു നിന്ന ബി.ജെ.പിയും അരയസമാജവും പിന്നീട് ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

ലീഗ് നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ബി.ജെ.പി നേതൃത്വം സി.ബി.ഐ അന്വേഷണ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് ബി.ജെ.പിയില്‍ നിന്ന തന്നെ ആരോപണവുമുയര്‍ന്നിരുന്നു.
മുസ്‌ലീം ലീഗിന്റേയും മതഭീകരവാദികളുടേയും താല്‍പര്യപ്രകാരം കെ.പിസിസി പ്രസിഡന്റും ഉമ്മന്‍ ചാണ്ടിയും സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ഒന്നിക്കുകയായിരുന്നു.

സി.പി.ഐ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലീഗിലെ ഉന്നത നേതാക്കളും ലീഗ് ബന്ധമുള്ള ഭൂമികൈയ്യേറ്റക്കാരനായ വ്യവസായിയും ആണെന്ന ആശങ്കയാണ് കോണ്‍ഗ്രസ് സിബിഐ അന്വേഷണം നടത്താതിന് പിന്നിലെന്നും രഘുനാഥ് ആരോപിച്ചു.

ന്യൂനപക്ഷ വോട്ട്് ബാങ്ക് രാഷ്ട്രീയമാണ് യു.ഡി.എഫും എല്‍ഡിഎഫും  സുരക്ഷയുടെ കാര്യത്തില്‍ പോലും അവലംബിക്കുന്നത് എന്നതിന്റെ തെൡവാണ് ഈ സംഭവം. ഭീകരവാദക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന മഅദനിയെ കാണാന്‍ പോകുന്ന കേരള മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും സി.പി.ഐ.എം നേതാക്കളുടേയും കപട സദാചാര മുഖം ജനം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.