| Wednesday, 29th March 2023, 1:07 pm

മ്യൂസിയം സ്റ്റേഷനിലെ എസ്.ഐക്കും വാച്ച് ആന്റ് വാർഡിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.എൽ.എമാർ കൈയ്യൊടിച്ചെന്ന് വ്യാജ പരാതി നൽകിയ സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലെ എസ്.ഐക്കും വാച്ച് ആന്റ് വാർഡിനും എതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് നോട്ടീസ് നൽകിയത്. സ്പീക്കറുടെ അനുമതിയില്ലാതെയാണ് കേസെടുത്തതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അടിയന്തര പ്രമേയ നോട്ടീസുകൾക്ക് തുടർച്ചയായി അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ എം.എൽ.എമാർ സമരത്തിനിറങ്ങിയത്. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റെന്നായിരുന്നു വാച്ച് ആൻഡ് വാർഡിന്റെ പരാതി.

അഡീഷണൽ ചീഫ് മാർഷൽ ഹുസൈൻ, വനിതാ സർജന്റ് അസിസ്റ്റന്റ് ഷീന എന്നിവർ ഗൂഢാലോചന നടത്തിയെന്നും നോട്ടീസിൽ ആരോപണമുണ്ട്. പരിശോധനയിൽ ഷീനയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം സംഘർഷത്തിൽ എം.എൽ.എ കെ.കെ രമയ്ക്ക് കൈക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കിനെ തുടർന്ന് കെ.കെ രമയ്ക്ക് എട്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

ഇതിനിടെ കെ.കെ രമയുടെ കൈക്ക് പറ്റിയ പരിക്ക് നാടകമാണെന്ന പ്രചരണങ്ങളും നടന്നിരുന്നു. എം.എൽ.എ. നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രിയിലാണ് താൻ ചികിത്സ നടത്തിയതെന്നും തന്റേത് നാടകമാണെങ്കിൽ അവർക്കെതിരെ നടപെടിയെടുക്കണമെന്നായിരുന്നു കെ.കെ രമയുടെ പ്രതികരണം.

‘വളരെ മോശമായ പ്രചരണം എനിക്കെതിരെ നടക്കുന്നുണ്ട്. ഈ പ്രചരണങ്ങൾക്ക് മുന്നിലുള്ളത് സച്ചിൻ ദേവ് എം.എൽ.എയാണ്. അതിലെനിക്ക് പ്രയാസമുണ്ട്. ഞങ്ങൾ ബഹുമാനത്തോടെ കാണുന്ന നേതാവാണ് സച്ചിൻ ദേവ്. നാടകം കളിക്കുന്നു, ഓസ്‌കാർ അവാർഡ് വരെ നേടും എന്നൊക്കെയാണ് ഇവർ എഴുതിവിടുന്നത്.

സൈബർ സഖാക്കളോട്.. എനിക്ക് ഒറ്റകാര്യമേ പറയാനുള്ളു. നിങ്ങളുടെ അധിക്ഷേപങ്ങൾക്ക് മുമ്പിൽ തളരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം, തോൽവി നിങ്ങൾക്കുതന്നെയായിരിക്കും.
എന്താണ് നടന്നതെന്ന് നിങ്ങൾക്ക് അന്വേഷിക്കാം. നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി, അവിടുത്തെ എക്‌സറേ സംവിധാനം, അവിടുത്തെ ഓർത്തോ ഡോക്ടർ. ഇത് നാടകമാണെങ്കിൽ, വ്യാജമായിട്ട് പ്ലാസ്റ്റർ ഇട്ടുകൊടുക്കുന്ന ആളുകളാണ് അവിടെയുള്ളതെങ്കിൽ അവർക്കെതിരെ നടപെടിയെടുക്കണം,’ രമ പറഞ്ഞു.

Content Highlight: Ramesh Chennithala sent notice to watch and ward

We use cookies to give you the best possible experience. Learn more