തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തിന് കൈത്താങ്ങുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കരുതെന്ന സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ തള്ളിക്കളയണമെന്നും മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ ഒരോരുത്തരുടെയും ഒരു കൈസഹായം കേരളത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. അതേസമയം കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ഒരു കുടുംബത്തിന് സൗജന്യ റേഷന് 3800 രൂപ നല്‍കും. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
കേന്ദ്രത്തോട് കൂടുതല്‍ സഹായം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി എം.എം മണി അറിയിച്ചിരുന്നു. യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നതെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിച്ചു പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ടന്നും മന്ത്രി പറഞ്ഞിരുന്നു.