തിരുവനന്തപുരം: ഇഷ്ടപ്പെടാത്തവരെ അപരരായി ചിത്രീകരിച്ചും എതിര്‍വാദങ്ങളുയര്‍ത്തുന്നവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന ഭരണകൂടത്തിന്റെ പിന്‍ബലമാണ് മണിപ്പൂരിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസമാകുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
ജനിച്ചുവളര്‍ന്ന നാട്ടില്‍ ജീവിക്കാന്‍ അവകാശമുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ജീവനു വേണ്ടി കേഴുന്ന വേദനാജനകമായ കാഴ്ചകള്‍ പുറത്തുവരുന്നു. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ അതിക്രൂരമായ നടപടികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തു വരുന്നത് ആശ്ചര്യജനകമാണ്. എന്തൊരു ഗതികെട്ട സംസ്‌കാരമാണിതെന്നും ചെന്നിത്തല ചോദിച്ചു.
‘ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പേരും പെരുമയും നമുക്ക് നഷ്ടപ്പെടുന്നുവോ, പുറത്തുവരുന്ന വാര്‍ത്തകളും ദൃശ്യങ്ങളും നമ്മെ അമ്പരപ്പിക്കുന്നു, സ്ത്രീ സുരക്ഷക്കേറ്റ തീരാകളങ്കമല്ലേ മണിപ്പൂരില്‍ നിന്ന് വീഡിയോകളായി പുറത്തുവരുന്നത്. എന്തൊരു വേദനാജനകമായ അവസ്ഥയാണിത്.
ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതും അധപതിച്ച ചെയ്തികളുമാണ് അവിടെ നടക്കുന്നത്. വിശാലമായ മനസാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്. അണികളുടെ വികാരത്തിനനുസരിച്ചല്ല നേതൃതം നില്‍ക്കേണ്ടത്, അണികള്‍ക്ക് വിവേകം പറഞ്ഞു കൊടുക്കലാണ് നേതൃത്വം ചെയ്യേണ്ടത് മണിപ്പൂര്‍ വിഷയത്തില്‍ നമ്മുടെ ഭരണകൂടത്തിന് ഇല്ലാതെ പോയതും ഇതാണ്. അശാന്തിയുടെ നാളുകള്‍ക്ക് അവസാനം കുറിക്കാന്‍ രാജ്യം ഉണരേണ്ട സമയമാണിത്.
മനുഷ്യ ജീവനേക്കാള്‍ വലുത് ഇടുങ്ങിയ ആശയങ്ങള്‍ക്ക് ഇടം നല്‍കലാണ് എന്ന സങ്കുചിത ചിന്താഗതിക്കെതിരെ നാം കൈകോര്‍ത്തുപിടിക്കണം മണിപ്പൂരില്‍ വേട്ടയാടപ്പെടുന്നത് നമ്മുടെ സഹോദരങ്ങളാണ് അവരെ അവഗണിക്കുന്നവര്‍ക്കെതിരെ ഒന്നിക്കണം, രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മകള്‍ ഈ മനുഷ്യത്വ വിരുദ്ധവും ഹീനവുമായ കൊടുംക്രൂരതക്കെതിരെ ഒരുമിച്ചു പോരാടണം,’ രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlight: Ramesh Chennithala Says What a painful situation; State support is behind events in Manipur