ശബരിമല കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വലിക്കും: രമേശ് ചെന്നിത്തല
കോട്ടയം: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇവ പിന്‍വലിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരായ ആയിരത്തോളം കേസുകള്‍ നിലവിലുണ്ട്. അത് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നാട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ മുഖ്യമന്ത്രിയായതെന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
റാങ്ക് ലിസ്റ്റിലുള്ള തൊഴില്‍ രഹിതരോടുള്ള വെല്ലുവിളിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കുന്നുകൂടി കിടക്കുമ്പോഴാണ് പാര്‍ട്ടിക്കാരെയും വേണ്ടപ്പെട്ടവരേയും സ്ഥിരപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു.
മറ്റു കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമ്പോള്‍ ശബരിമല വിശ്വാസികള്‍ക്കെതിരെയുള്ള കേസില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാനസര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതില്‍ ഏറിയ ഭാഗം ആളുകളും അതിനാല്‍ കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ramesh Chennithala says they will withdrew cases related to Sabarimala women entry conflict