പിടിച്ചുപറിയാണിത്; എ.ഐ. ക്യാമറകള്‍ നീതി നടപ്പിലാക്കുന്നതില്‍ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏര്‍പ്പാട്: രമേശ് ചെന്നിത്തല
Kerala News
പിടിച്ചുപറിയാണിത്; എ.ഐ. ക്യാമറകള്‍ നീതി നടപ്പിലാക്കുന്നതില്‍ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏര്‍പ്പാട്: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th April 2023, 11:59 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എ.ഐ. ക്യാമറ ഇടപാടില്‍ അടിമുടി ദുരൂഹതയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് വിവരാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചെന്നിത്തല പറഞ്ഞു.

നീതി നടപ്പിലാക്കുന്നതില്‍ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏര്‍പ്പാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല പറഞ്ഞു.

‘അവ്യക്തത നിറഞ്ഞ എ.ഐ. ക്യാമറ സ്ഥാപിച്ച ഇടപാടില്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉണ്ടെങ്കില്‍ എത്ര കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്? അവ ഏതെല്ലാം എന്ന് വ്യക്തമാക്കണം.

ഈ പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് പിരിച്ചെടുക്കുന്ന തുകയില്‍ നിന്നും എത്ര ശതമാനമാണ് ലഭിക്കുന്നത് എന്നു കൂടി പൊതുജനങ്ങള്‍ക്കറിയണം.
സര്‍ക്കാരിന്റെ ഈ ഇടപാട് പാവപ്പെട്ട വരെ മാത്രം പിഴിയാന്‍ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. വി.ഐ.പികളുടെ വാഹനങ്ങള്‍ ഈ ക്യാമറകളുടെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ്?

വി.ഐ.പികളുടെ വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടിയില്ല എന്നും അല്ലാത്തവര്‍ക്കെതിരെ നടപടിയെന്നുമുള്ള തീരുമാനം ഒരേ പന്തിയില്‍ രണ്ടുതരം വിളമ്പല്‍ പോലെയാണ്.

നീതി നടപ്പിലാക്കുന്നതില്‍ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏര്‍പ്പാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. റോഡ് സുരക്ഷാ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തിയ ശേഷം മാത്രം നടപ്പിലാക്കേണ്ട ഒരു പദ്ധതി ധൃതി പിടിച്ചു നടപ്പിലാക്കുന്നതില്‍ ദൂരൂഹതയുണ്ട്. ഇത് പകല്‍ കൊള്ളയാണ്, പിടിച്ചുപറിയാണ്,’ ചെന്നിത്തല പറഞ്ഞു.

അതേസമയം, എ.ഐ. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയുണ്ടാകില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ഈ സമയം ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.