മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മഹായുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ നിരവധി അംസതൃപ്തരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് സംസ്ഥാന ഇന്‍-ചാര്‍ജ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി ഒറ്റക്കെട്ടായി ഒരേ മനസോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മഹാവികാസ് അഘാഡിയിലെ പന്ത്രണ്ടോളം വിമതര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇന്ത്യാ സഖ്യവും മഹാവികാസ് അഘാഡി മുന്നണിയും നിര്‍ണായകമായ പോരിന് ഒരുക്കമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അതീവ രൂക്ഷമാണ്. തങ്ങളുടെ സഖ്യകക്ഷികളെ ചതിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്. ഷിന്‍ഡേ ശിവസേനയും അജിത് പവാര്‍ എന്‍.സി.പിയും കടുത്ത പടലപ്പിണക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കര്‍ഷക വിരുദ്ധ സര്‍ക്കാരിനെ പുറത്താക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനമൊട്ടാകെ ഇരുപതിനായിരത്തില്‍ പരം കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായ വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവായ രവി രാജ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. രവി രാജയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി മുംബൈ ഘടകത്തിന്റെ നേതൃനിരയില്‍ നിയോഗിക്കുകയും ചെയ്തിരുന്നു.
രവി രാജയുടെ അപ്രതീക്ഷിതമായ രാജി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടിയിലെ വിമതര്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നത്.
അതേസമയം തെരഞ്ഞെടുപ്പില്‍ മഹായുതി വിജയിക്കുമെന്നും അടുത്ത മുഖ്യമന്ത്രി ബി.ജെ.പിയില്‍ നിന്നായിരിക്കുമെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവായ രാജ് താക്കറെ പറഞ്ഞിരുന്നു. എന്നാല്‍ രാജ് താക്കറെയുടെ പരാമര്‍ശം മഹായുതിയില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു.
സംസ്ഥാനത്ത് എം.എന്‍.എസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കിലും ബി.ജെ.പിയെ പിന്തുണച്ചുകൊണ്ട് രാജ് താക്കറെ ഒന്നിലധികം തവണ പ്രതികരിച്ചിട്ടുണ്ട്. രാജ് താക്കറെയുടെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ ദേവേന്ദ്ര ഫഡ്‌നവിസ് പ്രതികരിക്കുകയും ചെയ്തിരുന്നു. തീരുമാനങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്നാണ് അദ്ദേഹം പറഞ്ഞത്.
നിലവില്‍ ഇരു മുന്നണിയും മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
Content Highlight: Ramesh Chennithala says that Maharashtra assembly elections are now a big battle