| Thursday, 17th February 2022, 8:57 pm

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ടോം ആന്റ് ജെറി കളിക്കുകയാണ്; ഇരട്ട ചങ്കൊക്കെ എവിടെപ്പോയി: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ടോം ആന്റ് ജെറി കളിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ പിണറായി വിജയന്‍ ഏതറ്റം വരെയും തരംതാഴുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

‘ഇരട്ട ചങ്ക് എവിടെപ്പോയി അധികാര തുടര്‍ച്ചക്ക് ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നത്,’ ചെന്നിത്തല കുറ്റപ്പെടുത്തി.

ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണര്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യാബിനറ്റ് അംഗീകാരത്തോടെ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയ നയങ്ങളടങ്ങിയ പ്രസംഗം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 176 അനുസരിച്ച് ഒപ്പിട്ടുകൊടുക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും ഒരു ഭാഗത്തിനോട് എതിര്‍പ്പുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ആ ഭാഗം വായിക്കാതെയിരിക്കാമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

‘അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഗവര്‍ണര്‍ ഒപ്പുവെക്കേണ്ടി വരും. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കുറച്ച് ദിവസങ്ങളായി ടോം ആന്‍ഡ് ജെറി കളിക്കുകയാണ്. ഇവര്‍ക്ക് പരസ്പരം ആവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്,’ അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരും ബി.ജെ.പിയും തമ്മിലെ അവിഹിത രാഷ്ട്രീയ ബന്ധത്തിന്റെ ദല്ലാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ ഒരര്‍ഹതയുമില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്നും അങ്ങനെ പറയുന്നതില്‍ ദുഖമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, വിലപേശലുകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി.

പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഗവര്‍ണറുടെ അഡീഷണല്‍ പി.എ. സ്ഥാനത്ത് ഹരി എസ്. കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

പൊതുഭരണ സെക്രട്ടറിയായ കെ.ആര്‍. ജ്യോതിലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്.

മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ എത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.എ.ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സി.എ.ജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് തിരികെ സര്‍ക്കാറിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക.

നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്.


Content Highlights: Ramesh Chennithala says Pinarayi Vijayan and Governor are playing Tom and Jerry

We use cookies to give you the best possible experience. Learn more